രാജ്യത്തിന്റെ ചരിത്രത്തിലിതുവരെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഗുരുതരമായ ആരോപണം ചുമന്ന് പിണറായി വിജയന്‍. മകളുടെ ബിസിനസിന് ഷാര്‍ജാ ഭരണാധികാരിയുടെ സഹായം തേടിയെന്നും അതിനായി ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നുമുള്ള സ്വപ്‌നയുടെ മൊഴി കേരളം ഞെട്ടലോടെയാണ് കേട്ടത്. മറുപടിയില്ലാതെ മാധ്യമങ്ങളില്‍ നിന്നകന്നും നിശബ്ദനായും തത്വത്തില്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ അടച്ചിട്ട മുറിയിലാണ്.
മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്‍ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നിരിക്കെ സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസ് ക്ലിഫ് ഹൗസില്‍ എത്തിനില്‍ക്കുന്നത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും സംബന്ധിച്ച് വളരെ ദുര്‍ഘടമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
ഏത് വിവാദത്തിനും വ്യക്തമായ മറുപടിയുമായി തിരിച്ചടിക്കുന്ന പിണറായി, ഇതാദ്യമായി സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ക്കു മുന്നില്‍ പതറുന്ന കാഴ്ചയാണിപ്പോള്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഭാര്യ കമലക്കും മകള്‍ വീണക്കും പങ്കുണ്ടെന്ന സ്വപ്‌നയുടെ ആരോപണത്തോട് മുഖ്യമന്ത്രി ഇനിയും പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴിക്ക് മുന്നോടിയായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. ഇരട്ടച്ചങ്കുള്ള നേതാവ് എന്ന് അനുയായികള്‍ കൊട്ടിഘോഷിക്കന്ന പിണറായി തീര്‍ത്തും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. വെളിപ്പെടുത്തല്‍ തെറ്റെങ്കില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാത്തത് എന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല.
ഒരു വര്‍ഷം മുന്‍പ് കസ്റ്റംസിനും ഇ.ഡിക്കും നല്‍കിയ രഹസ്യമൊഴിയില്‍ ഈ വിവരങ്ങളെല്ലാം ഉണ്ടായിരുന്നെന്നും എന്നാല്‍ അതില്‍ തുടര്‍നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് എറണാകുളം കോടതിയില്‍ അപേക്ഷ നല്‍കി രഹസ്യമൊഴി നല്‍കിയതെന്നും സ്വപ്‌ന പറയുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്രയും സുപ്രധാനമായ മൊഴി ലഭിച്ചിട്ടും എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ല എന്നത് വിചിത്രമാണ്. അതേസമയം മുന്‍കൂര്‍ ജാമ്യമെന്ന നിലയില്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നതിന് തൊട്ടുമുന്‍പ് രണ്ടുവര്‍ഷം മുന്‍പുള്ള വീഡിയോ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. സ്വപ്‌ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിക്കുന്ന വിഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്‌ടോബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോയാണിത്. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ അന്നു വന്നതെന്നും ആ നിലക്കാണ് അവരെ പരിചയമെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നത്. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ ഇവര്‍ ഉണ്ടാകുമെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുന്നത് വിഡിയോയിലുണ്ട്.
തന്നെ അറിയില്ലെന്നു മുഖ്യമന്ത്രി മുന്‍പു പറഞ്ഞത് കള്ളമാണെന്ന് സ്വപ്‌ന മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, മകന്‍ എന്നിവര്‍ക്കൊപ്പം ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തിട്ടുണ്ട്. അതെല്ലാം അദ്ദേഹം ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുമ്പോള്‍ എല്ലാം ഓര്‍മിപ്പിക്കാമെന്നും സ്വപ്‌ന പറഞ്ഞിരുന്നു. പുതിയ സംഭവങ്ങളില്‍ മുഖ്യമന്ത്രിയോ സി.പി.എമ്മോ ഇത് വരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രതികരിച്ചാല്‍ ക്ലിഫ് ഹൗസ് ചര്‍ച്ചകളുടെ കുടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സ്വപ്നയുടെ ഭീഷണി.