വിവാദ പരാമര്‍ശം; ആദിവാസികളെ സി.പി.എം മനുഷ്യരായി പരിഗണിച്ചിട്ടില്ലെന്ന് സി.കെ. ജാനു

വയനാട് സി.പി.എം ജില്ലാകമ്മിറ്റി അംഗം എ.എന്‍. പ്രഭാകരന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആദിവാസി ഗോത്രമഹാസഭ ചെയര്‍പേഴ്‌സന്‍ സി.കെ. ജാനു. ആദിവാസികളെ സി.പി.എം മനുഷ്യരായി പരിഗണിച്ചിട്ടില്ലെന്നും അതിന്റെ ഒരുപാട് ഉദാഹരണങ്ങഴുണ്ടെന്നും സി.കെ. ജാനു പറഞ്ഞു.

പനമരം പഞ്ചായത്തില്‍ യു.ഡി.എഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി സ്ത്രീയെ പ്രസിഡന്റാക്കിയെന്നും ലീഗ് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നുമുള്ള പ്രഭാകരന്റെ പരാമര്‍ശത്തിനെതിരെയാണ് സി.കെ. ജാനു രംഗത്തെത്തിയത്.

പനമരത്ത് യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തോടെയാണ് എല്‍.ഡി.എഫ് പ്രസിഡന്റായ ആസിയ പുറത്തായിരുന്നു. ലക്ഷ്മിയെ ‘ആദിവാസി പെണ്ണെ’ന്ന് അഭിസംബോധന ചെയ്ത എ.എന്‍. പ്രഭാകരന്‍, ലീഗ് ചെയ്ത ചരിത്രപരമായ തെറ്റിന് വീടുകളില്‍ ചെല്ലുമ്പോള്‍ മറുപടി പറയേണ്ടിവരുമെന്നും പറഞ്ഞിരുന്നു.

”ലീഗുകാരിയായ ഹസീനയെ പുറത്താക്കി ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി ചരിത്രപരമായ തെറ്റാണ് പനമരത്ത് ലീഗ് ചെയ്തിട്ടുള്ളത്. അടുത്ത പഞ്ചായത്ത് ഇലക്ഷനില്‍ ലീഗുകാര്‍ മുസ്ലിം വീടുകള്‍ കയറുമ്പോള്‍ കൈയും കെട്ടിനിന്ന് മറുപടി പറയേണ്ടിവരും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട” -എന്നിങ്ങനെയായിരുന്നു പ്രഭാകരന്റെ പരാമര്‍ശം.

തന്നെ വംശീയമായി അധിക്ഷേപിച്ചതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം നേരത്തെ പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റായ തന്നെ എങ്ങനെ ‘പെണ്ണെ’ന്ന് സംബോധന ചെയ്യാനാകുമെന്നും ചോദിച്ചിരുന്നു.

 

webdesk17:
whatsapp
line