മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ പരസ്യത്തിനായി 15,000 രൂപ നല്‍കണമെന്ന ഉത്തരവിനെതിരെ കടുത്ത രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങള്‍ സഹകരണ സംഘങ്ങള്‍ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങള്‍ക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ഉത്തരവിട്ട ദേവസ്വം കമ്മീഷണര്‍ക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം അറിയിച്ചുള്ള സപ്ലിമെന്റിലേക്ക് പരസ്യം ഇനത്തില്‍ എല്ലാ ക്ഷേത്രങ്ങളും പതിനയ്യായിരും രൂപ പിരിവായി നല്‍കണം എന്നായിരുന്നു മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. ഹര്‍ജി വന്നില്ലായിരുന്നെങ്കില്‍ ഇക്കാര്യം ആരെങ്കിലും അറിയുമായിരുന്നോയെന്നും കോടതി വാദത്തിനിടെ ചോദിച്ചു. മഞ്ചേരി സ്വദേശി നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഡിവിഷന്‍ ബെഞ്ച് ദേവസ്വം ബോര്‍ഡ് ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. ഹര്‍ജി ജൂണ്‍ 16 ന് വീണ്ടും പരിഗണിക്കും.