കൊച്ചി: ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വയം സന്യാസപരിവേഷം ചാര്‍ത്തിയ സന്തോഷ് മാധവന്‍ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ച് വന്നിരുന്ന ഇദ്ദേഹത്തെ 40 ലക്ഷം രൂപ തട്ടിയെന്ന ദുബായ് ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ 2008 ല്‍ നല്‍കിയ പരാതിയിലൂടെയാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്.
കട്ടപ്പനയിലെ വെയർ ഹസിങ് ഡിപ്പോയിലെ ചുമട്ടുകാരന്റെ മകനായ സന്തോഷ്, സ്വാമി അമൃതചൈതന്യ ആയതിനു പിന്നിൽ ദൈവ വിളിയാണെന്നു വീട്ടുകാർ പറയുമ്പോൾ, അതിബുദ്ധിയാണ് ഇയാളെ കോടിക്കണക്കിനു രൂപയുടെ ആസ്‌തിയുടെ വളർച്ചയിലേക്കു വഴി തെളിച്ചതെന്നാണു പൊലീസ് കണ്ടെത്തിയത്.