X

വിവാദങ്ങളില്‍ ഉലയുന്ന സര്‍ക്കാര്‍-എഡിറ്റോറിയല്‍

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടന്നിട്ടുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉലയുകയാണ് രണ്ടാം പിണറായിസര്‍ക്കാര്‍. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി നടത്തിയ നിയമനങ്ങള്‍ ഒന്നൊന്നായി പുറത്തു വരുമ്പോള്‍ സര്‍ക്കാറിന്റെ ന്യായീകരണങ്ങളെല്ലാം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുകയാണ്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം യോഗ്യതയില്ലാതെയാണെന്നുള്ള ഹൈക്കോടതി വിധി സര്‍ക്കാറിനെ മാത്രമല്ല സി.പി.എമ്മിനെ കൂടിയാണ് പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സര്‍ക്കാറിനൊപ്പം പാര്‍ട്ടിയും പ്രത്യേകിച്ച് കണ്ണൂരിലെ നേതൃത്വം ഈ നിയമനത്തില്‍ സര്‍വകലാശാലയുടെ മേല്‍ ശക്തമായ ഇടപെടലാണ് നടത്തിയിരുന്നത്. ഇതിന്റെഫലമായി 25 വര്‍ഷത്തെ അധ്യാപന പരിജയവും ഇന്റര്‍വ്യൂവില്‍ 651 സ്‌കോറും നേടിയയാളെ മറികടന്നാണ് വെറും 156 സ്‌കോര്‍ മാത്രം നേടിയ അധ്യാപന പരിചയം തീരെയില്ലാത്ത വ്യക്തിക്ക് സര്‍വകലാശാല നിയമനം നല്‍കിയത്. ഈ നിയമനത്തിന് പാരിതോഷികമെന്നോണമാണ് വൈസ്ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പദവിയില്‍ വീണ്ടും നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയാറായതും. കോടതി വിധിയില്‍ പാര്‍ട്ടി നേതൃത്വം പാലിക്കുന്ന മൗനം തന്നെ മതി അവരുടെ പങ്കാളിത്തത്തിന് തെളിവായിട്ട്.

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ നടന്നിട്ടുള്ള വ്യാപകമായ അനധികൃത നിയമനങ്ങള്‍ പാര്‍ട്ടി അണികളെപോലും ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിന് കഴിയാതായി മാറിയിരിക്കുകയാണ്. വി.സി നിയമനങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗവര്‍ണറുമായി നടന്നിട്ടുള്ള ഏറ്റുമുട്ടലുകളിലെല്ലാം തുടര്‍ച്ചയായി മുട്ടുമടക്കേണ്ടി വരുന്നതോടെ സര്‍ക്കാറിനു തെറ്റുപറ്റിയെന്ന തോന്നല്‍ അണികളില്‍ രൂഢമൂലമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മരകോലാഹലങ്ങള്‍ വെറും പ്രഹസനമായി അവര്‍ക്കു തന്നെ ബോധ്യമായിത്തീര്‍ന്നിരിക്കുകയാണ്. നിയമന വിവാദം ക്ഷീണം ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റും വിലയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ജില്ലാ സെക്രട്ടറിക്കയച്ച കത്തുപുറത്തായതും അനധികൃത നിയമനത്തിലുള്ള പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗത്തിന്റെ അഭിപ്രായവ്യത്യാസത്തിന്റെ പുറത്താണെന്ന് വിലയിരുത്തപ്പെട്ടതാണ്.

ഒരു ലക്ഷത്തിലധികം വിവാദ നിയമനങ്ങളാണ് ഈ സര്‍ക്കാറിന്റെ കാലത്തുണ്ടായിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരിക്കുന്നത്. പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാക്കള്‍ പോലും ജോലികിട്ടാതെ നെട്ടോട്ടമോടുമ്പോയാണ് ആനാവൂര്‍ നാഗപ്പനെ പോലെ പാര്‍ട്ടി നേതാക്കള്‍ സ്വയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളായി മാറുന്നത്. സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ഒഴിവുകളിലേക്ക് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയും കോര്‍പറേഷന്‍ തലങ്ങളിലേക്ക് ജില്ലാ കമ്മറ്റിയും മുനിസിപ്പല്‍, ബ്ലോക്ക് തലങ്ങളിലേക്ക് ഏരിയാ കമ്മറ്റിയും പഞ്ചായത്തുകളിലേക്ക് ലോക്കല്‍ കമ്മറ്റിയും നിയമനം നടത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് ഇന്ന് കേരളം എത്തിയിരിക്കുകയാണ്. പി.എസ്.സി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം പൂവണിയാന്‍ കഴിയാതെ അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ റോഡിലിഴയേണ്ടിവന്ന ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തെ കാഴ്ച്ച സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിച്ചു കളഞ്ഞതാണ്. എന്നാല്‍ തീര്‍ത്തും ന്യായമായ അവരുടെ ആവശ്യങ്ങളെ അന്നു സര്‍ക്കാര്‍ നേരിട്ടതാകട്ടേ അധികാരത്തിന്റെ ഹുങ്കുകൊണ്ടായിരുന്നു. ഉദ്യോഗാര്‍ത്ഥികളെ ക്രിമിനലുകളെ വേട്ടയാടുന്നതുപോലെ നടുറോട്ടില്‍ തല്ലിച്ചതക്കുകയായിരുന്നു പിണറായിയുടെ പൊലീസ്.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തും തല്‍സ്ഥിതി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിയമനം നടക്കുമ്പോള്‍ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈയ്യുംകെട്ടി നോക്കിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്ന ഒന്നാം പിണറായി സര്‍ക്കാര്‍ കാണിച്ചുകൊടുത്തിട്ടുണ്ട്. തങ്ങളുടെ എല്ലാ കൊള്ളരുതായ്മകളും ഗവര്‍ണറെ മറയാക്കിപ്പിടിച്ച് വെളുപ്പിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലുമായിരുന്നു സര്‍ക്കാര്‍. പക്ഷേ അധിക കാലം ഈ കള്ളത്തരങ്ങള്‍ മറച്ചുവെക്കാന്‍ കഴിയില്ലെന്ന് അണികള്‍തന്നെ അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നിയമസഭാ സമ്മേളനം നടക്കാനിരിക്കെ സര്‍ക്കാറും പാര്‍ട്ടിയും ചേര്‍ന്നു നടത്തിയിട്ടുള്ള എല്ലാ അവിഹിത ഇടപാടുകള്‍ക്കും സഭയില്‍ സര്‍ക്കാര്‍ അക്കമിട്ടു മറുപടി പറയേണ്ടിവരുമെന്നുറപ്പാണ്.

Test User: