കൊച്ചി: നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എന്‍.നിതയ്ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി മേയറുടെതാണ് നടപടി. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ പരിപാടിയുടെ തലേദിവസമാണ് ലൈസന്‍സിനായി അപേക്ഷിച്ചത്. എന്നാല്‍ നൃത്തപരിപാടി പണം വാങ്ങി നടത്തുന്നതല്ലെന്ന് സംഘാടകര്‍ പറഞ്ഞതിനെ തുടര്‍ന്ന് ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിലപാടെടുക്കുകയായിരുന്നു.
കോര്‍പറേഷന്‍ ചട്ട പ്രകാരം ടിക്കറ്റ് വച്ചു നടത്തുന്ന പരിപാടികള്‍ക്ക് കോര്‍പറേഷന്റെ പിപിആര്‍ ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ഇതിന് കോര്‍പറേഷന്റെ റവന്യൂ, ഹെല്‍ത്ത്, എന്‍ജിനിയറിങ് വിഭാഗങ്ങളാണ് അനുമതി നല്‍കേണ്ടത്. ഇതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തണം. എന്നാല്‍ അപേക്ഷ ലഭിച്ചതും നിരസിച്ചതും കോര്‍പറേഷന്‍ മേയറെയോ സെക്രട്ടറിയെയോ റവന്യൂ വിഭാഗത്തെയോ അറിയിച്ചില്ലെന്ന് കാട്ടിയാണ് നിതയെ സസ്‌പെന്‍ഡ് ചെയ്തത്.