X

നിയന്ത്രണം ജനങ്ങള്‍ക്കു മാത്രം,കണ്ണൂരില്‍ ഇന്ന് കെ-റെയില്‍ വിശദീകരണം

കണ്ണൂര്‍: കോവിഡ്-ഒമിക്രോണ്‍ ഭീതിയില്‍ നിയന്ത്രണം ശക്തമാക്കിയ ഘട്ടത്തിലും സര്‍ക്കാറിന്റെ കെ-റെയില്‍ വിദശദീകരണ യോഗങ്ങള്‍ തുടരുന്നു. ആരോഗ്യവകുപ്പ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചാണ് കെ-റെയില്‍ ‘ജനസമക്ഷം’ പരിപാടി ഇന്ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. ജില്ലയിലെ 200 ഓളം പൗരപ്രമുഖരെയാണ് ഔദ്യോഗികമായി ക്ഷണിച്ചത്.

വിവാഹത്തിനും മരണാനന്തര കര്‍മ്മങ്ങള്‍ക്കും കടുത്ത നിയന്ത്രണം നിലനില്‍ല്‍ക്കുന്ന സാഹചര്യത്തിലാണ് എല്ലാ നിയന്ത്രണവും കാറ്റില്‍ പറത്തി പരിപാടി സംഘടിപ്പിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ ഉള്ള ജില്ലയില്‍ പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് മാനദണ്ഡം. എന്നാല്‍ കണ്ണൂരില്‍ ഇന്നലെ 33.2 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടയിലെ ശരാശരി 30.7 ശതമാനമാണ്. രണ്ടു ദിവസത്തിനിടയില്‍ മാത്രം 2984 പേര്‍ക്ക് കോവിഡ് സ്ഥിരിച്ചു. നിലവില്‍ ജില്ലയില്‍ വിവാഹത്തിനും മറ്റു പരിപാടികള്‍ക്കും ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും പരിപാടികള്‍ നിര്‍ത്തിവെച്ചിട്ടും സര്‍ക്കാര്‍ പരിപാടികളുമായി മുന്നോട്ടുപോകുകയാണ്.

ടിപിആര്‍ 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ 50 പേരായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറും സര്‍ക്കാറിനെ നയിക്കുന്ന സിപിഎമ്മും ഇത് പൂര്‍ണമായും ലംഘിക്കുകയാണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് പരിപാടിയെന്നാണ് കെ-റെയില്‍ അധികൃതരുടെ വാദം. എന്നാല്‍, ഹാളില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാള്‍ നാലിരട്ടി പേരെയാണ് ക്ഷണിച്ചത്. പദ്ധതിയെ കുറിച്ചുള്ള വിശദീകരണ യോഗം മന്ത്രി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. കെ-റെയില്‍ എംഡി വി അജിത്ത് കുമാര്‍,പദ്ധതി ആസൂത്രണ ഡയറക്ടര്‍ പി ജയകുമാര്‍, ജോയിന്റ് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും. തിരുവന്തപുരം, കൊച്ചി,തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലയിലെ വിശദീകരണത്തിനു ശേഷമാണ് കണ്ണൂരില്‍ ജനസമക്ഷം സംഘടിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകലും പരിപാടി നടക്കും.

Test User: