X
    Categories: CultureMoreViews

കെവിന്‍ വധം: വീഴ്ചയുടെ ഉത്തരവാദിത്വത്തെച്ചൊല്ലി പൊലീസില്‍ വിവാദം

കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആരുടെ ഭാഗത്താണ് വീഴ്ച എന്നതിനെച്ചൊല്ലി പൊലീസ് സേനയില്‍ തര്‍ക്കം മുറുകുന്നു. കീഴുദ്യോഗസ്ഥര്‍ തന്നെ യഥാ സമയം വിവരം അറിയിച്ചില്ലന്ന് മുന്‍ എസ് പി മുഹമ്മദ് റഫീഖ് തുറന്നു പറയുമ്പോള്‍ കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായ എഎസ്‌ഐയുടെ പരാതി. അതിനിടെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായി എന്ന വാദവും ശക്തമായി. പൊലീസ് കൈക്കൂലി വാങ്ങിയത് അന്വേഷിച്ചിരുന്ന ഡിവൈഎസ്പിയെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തു.
ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ഇതിനകം പ്രതിപ്പട്ടികയിലുള്ള പതിനാലു പേരും അറസ്റ്റിലായെങ്കിലും അക്രമി സംഘത്തിന് പൊലീസിന്റെ പിന്തുണ ലഭിച്ചിരുന്നു എന്ന് വ്യക്തമായതോടെ സംഭവം മൊത്തത്തില്‍ പൊലീസിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഓരോ ദിവസവും പൊലീസിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന ദിവസം പുലര്‍ച്ചെയാണ് കെവിനെ തട്ടിക്കൊണ്ടു പോകുന്നത്. കൂടുതല്‍ സുരക്ഷാ ജാഗ്രത പുലര്‍ത്തേണ്ട ദിവസമായിട്ടും വിവരം കൃത്യമായി അതിന്റെ ഗൗരവത്തോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയെ അറിയിച്ചില്ലന്നാണ് പരാതി.
പൊലീസില്‍ ഇത്തരത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുമ്പോള്‍ കേസിലെ രാഷ്ട്രീയ ഇടപെടല്‍ പുറത്താകുമോ എന്ന ആശങ്കയിലാണ് സിപിഎം. ഇതിനെ മറികടക്കാന്‍ നാളെ സിപിഎം സംസഥാന സെക്രട്ടറി കോടിയേരിയെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗം സിപിഎം കോട്ടയത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: