X

കേന്ദ്ര സര്‍വീസുകളിലെ കരാര്‍ നിയമനം; ഐ.എ.എസ് സ്വകാര്യവല്‍ക്കരിക്കാനുള്ള മോദിയുടെ ശ്രമം: രാഹുല്‍ ഗാന്ധി

പിന്നോക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാന്‍ വേണ്ടി കേന്ദ്ര സര്‍വീസുകളിലെ സുപ്രധാന നിയമനങ്ങള്‍ ലാറ്ററല്‍ എന്‍ട്രി വഴിയാക്കാനുള്ള യു.പി.എസ്.സി തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്തുന്നത് ഐ.എ.എസ് പോലുള്ള കേന്ദ്ര സര്‍വീസുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, എന്ത് വില കൊടുത്തും ഈ ശ്രമങ്ങളെ ചെറുക്കുമെന്നും എക്‌സില്‍ പങ്ക് വെച്ച കുറിപ്പില്‍ പറഞ്ഞു.

‘കേന്ദ്ര സര്‍വീസുകളിലേക്കുള്ള നിയമനങ്ങള്‍ യു.പി.എസ്.സി വഴിയല്ലാതെ ആര്‍.എസ്.എസ് വഴി നടത്തി ഭരണഘടനയെ അക്രമിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.

വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ ലാറ്ററല്‍ എന്‍ട്രി വഴി നടത്തി എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള അവസരങ്ങള്‍ അവരില്‍ നിന്ന് തട്ടിയെടുക്കാനുള്ള തന്ത്രമാണിത്. രാജ്യത്തെ ഉന്നത സ്ഥാനങ്ങളില്‍ ഒന്നും തന്നെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന കാര്യം ഞാന്‍ ഇതിന് മുമ്പും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിന് പകരം വീണ്ടും അവരെ ഇത്തരം സ്ഥാനങ്ങളില്‍ നിന്ന് ആട്ടിയകറ്റുകയാണ്.

ഇത് പ്രതിഭാധനരായ പിന്നോക്കവിഭാഗങ്ങള്‍ക്ക് യു.പി.എസ്.സി വഴി അധികാര സ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങള്‍ കേന്ദ്രം തടയുകയാണ്.  ഇത്തരത്തില്‍ ചില കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ഉന്നത സ്ഥാനം കൈയടക്കി വെച്ചതിന്റെ ഉത്തമ ഉദാഹരണമാണ് സെബി. കാരണം ആ സ്ഥാപനത്തിന്റെ ആദ്യ ചെയര്‍പേഴ്‌സണ്‍ പോലും സ്വകാര്യ മേഖലയില്‍ നിന്നായിരുന്നു.

അതിനാല്‍ സാമൂഹ്യ നീതിയെയും ഭരണകൂട വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്ന ഈ ദേശദ്രോഹ നടപടിക്കെതിരെ ഇന്ത്യാ മുന്നണി ശക്തമായി പ്രതികരിക്കും. കാരണം ‘ഐ.എ.എസിന്റെ സ്വകാര്യവത്ക്കരണം സംവരണം ഇല്ലാതാക്കാനുള്ള, മോദിയുടെ ഗ്യാരണ്ടിയാണ്,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് 24 കേന്ദ്ര മന്ത്രാലയങ്ങളിലെ 45 തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താന്‍ യു.പി.എസ്.സി തീരുമാനിക്കുന്നത്.ഈ നിയമനങ്ങള്‍ക്ക് എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം പാലിക്കേണ്ടതില്ല. അതിനാല്‍ ആ ഒഴിവുകളിലേക്ക് സംഘ പരിവാര്‍ ബന്ധമുള്ളവരെ എളുപ്പത്തില്‍ റിക്രൂട്ട് ചെയ്യാം. എന്നാല്‍ സംവരണാനുകൂല്യമുള്ള സാധാരണക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ഇത്തരം നിയമനങ്ങള്‍ വഴി നഷ്ടപ്പെടുന്നു.

യു.പി.എസ്.സി നിയമനങ്ങള്‍ വഴി നടത്തേണ്ട ഇത്തരം നിയമനങ്ങളില്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ജോലികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നത് സര്‍ക്കാര്‍ ജോലികളിലെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നതിനും കോര്‍പ്പറേറ്റ് സ്വാധീനം വര്‍ധിക്കുന്നതിനും കാരണമാകും എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

webdesk13: