റാശിദ് ഗസ്സാലി
വിശ്വാസികളെ തേടിയെത്തിയ അനുഗ്രഹീത സൗഭാഗ്യം വിടപറയുന്നതില്‍ റമസാനിലെ അവസാന സമയങ്ങളില്‍ ആകാശ ഭൂമികളും മാലാഖമാരും വിങ്ങി വിതുമ്പും. അനുഗ്രഹങ്ങളുടെ വസന്തകാലം വിടപറയുന്നതില്‍ നൊമ്പരപ്പെടാത്തവര്‍ ആരാണുണ്ടാവുക. പ്രാര്‍ഥനകള്‍ക്ക് ഉത്തരം ഉറപ്പുള്ള, കര്‍മ്മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലമുള്ള പുണ്യങ്ങളുടെ ദിനരാത്രങ്ങള്‍ അതിന്റെ വിജയികളെ കുറിച്ചെടുത്ത് യാത്ര ചോദിക്കുകയാണ്.
നാം ഏത് ഗണത്തില്‍ പെട്ടിരിക്കും, റമസാന്‍ അനുകൂലമായി സാക്ഷിനില്‍ക്കുന്നവരിലോ പ്രതികൂലമാകുന്നവരിലോ? റമസാന്‍ തൃപ്തിപ്പെട്ടവരിലോ വെറുക്കപ്പെട്ടവരിലോ? തുടര്‍ന്നുള്ള ദിവസങ്ങളിലെ ജീവിത രീതികള്‍ അതിനുള്ള ഉത്തരം എളുപ്പം തരും. പ്രവാചകര്‍ ഉപമിച്ചത് പോലെ ശഅബാനിനേക്കാള്‍ മികച്ച ശവ്വാല്‍ ആയിരിക്കും അവരുടേത്. ആരുടെയെങ്കിലും ശഅബാനും ശവ്വാലും ഒരുപോലെയായാല്‍ അതവന് ഭൂഷണമല്ല. വ്രതനാളുകളിലെ വിശിഷ്ട മുഹൂര്‍ത്തങ്ങളിലൂടെ പരിശീലനം നേടിയ ഒരാള്‍ മെച്ചപ്പെടുകയല്ലാതെ എങ്ങനെ മോശമാകാനാണ്. ഒരു മാറ്റവും സംഭവിക്കാതെ പഴയതിനേക്കാള്‍ അലസമായ ദിനങ്ങളാണ് ഇനിയുമെങ്കില്‍ കേവലം വിരുന്നുകളുടെയും ആഘോഷങ്ങളുടെയും റമസാന്‍ മാത്രമാണയാള്‍ അനുഭവിച്ചിരിക്കുക. ആത്മീയ ചൈതന്യത്തിന്റെ മഹനീയ നേട്ടങ്ങള്‍ അവരെ തലോടിയിട്ട് പോലുമുണ്ടാവില്ല.
ഷാമിയാനകള്‍ കെട്ടി അതിനു താഴെയിരുന്നു ചടങ്ങുകളില്‍ വെയിലും മഴയും ഏല്‍ക്കാതെ സുരക്ഷിതമായി ഇരിക്കുന്നത് ശാശ്വതമായിട്ടല്ല. അതിന്റെ ഉടമസ്ഥന്‍ അത് ഊരിയെടുത്തു കൊണ്ടുപോകും വരെ മാത്രമാണ്. മാസം കാണുമ്പോള്‍ കെട്ടിയ പന്തലില്‍ അടുത്ത മാസപ്പിറവി കാണും വരെ വിശ്രമിക്കുന്ന കേവല സാന്നിധ്യങ്ങളായി നാമും റമസാനും തമ്മിലുള്ള ഇഴയടുപ്പം ചുരുങ്ങുകയല്ലേ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. അടുത്ത 11 മാസങ്ങള്‍ക്ക് കൂടി വെളിച്ചവും സുരക്ഷയും നല്‍കുന്ന സ്ഥായിയായ തണലാവണം നാം കെട്ടിയുണ്ടാക്കുന്നത്. അതാവട്ടെ റമസാനിനെ അക്ഷരാര്‍ഥത്തില്‍ പ്രയോജനപ്പെടുത്തിയവന് മാത്രം അവകാശപ്പെടാവുന്നതാണ്.
പള്ളികളും നമ്മളും തമ്മിലുള്ള ദൂരം കുറഞ്ഞതും, നാവും ശരീരവും അരുതായ്മകളില്‍ നിന്ന് ഓടിയകന്നതും വീടും നാടും നമ്മുടെ നന്മകളാല്‍ സജീവമായതും ഈ പുണ്യനാളുകളുടെ സവിശേഷതയായിരുന്നുവെങ്കില്‍ ഇനിയുള്ള നാളുകളും അത്തരം മൂല്യങ്ങള്‍ അനപരഥം തുടരാന്‍ ജാഗ്രവത്താകണം.
റമസാന്‍ കഴിഞ്ഞ കാലത്തെ പാപങ്ങളെ കഴുകിക്കളയുക മാത്രമല്ല അടുത്ത റമസാന്‍ വരെ നന്മയുടെ ദിവ്യമായ പരിച തീര്‍ക്കുക കൂടിയാണ്.
ദുഷിച്ച ചിന്തകളും മലിനമായ മനസ്സുകളും ക്രൂരരായ മനുഷ്യരും അരങ്ങുവാഴുന്ന കാലത്ത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മഹിത സന്ദേശങ്ങള്‍ പകര്‍ന്ന് നല്‍കുന്ന സുമനസ്സുകളാണ് എങ്ങും സജീവമാകേണ്ടത്.
കാലം ദുഷിച്ചുവെന്ന് വിധിയെഴുതി സ്വയം നശിക്കുന്നതിനു ന്യായം കണ്ടെത്തുകയല്ല മറിച്ച് ചരിത്രത്തിലെ എക്കാലത്തെയും ഇരുണ്ട യുഗത്തില്‍ നേര്‍വഴിയുടെ സംഗീതം തീര്‍ത്ത ലോകൈക ഗുരുവിന്റെ വഴിയേ ഇരുട്ടു കീറിമുറിക്കുന്ന പ്രകാശകിരണങ്ങളാകാന്‍ പാടുപെടുകയാണ് ചെയ്യേണ്ടത്. അറിവും തിരിച്ചറിവുള്ള ഒരു ജനതക്കേ അതിനു സാധിക്കുകയുള്ളൂ.