മുന്‍ ഘാന താരവും ലാലിഗ ക്ലബ് ലെവാന്റയുടെ താരവുമായിരുന്ന റഫേല്‍ ദ്വാമേന ഫുട്ബാള്‍ മത്സരത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. അല്‍ബേനിയന്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്റെ ദാരുണാന്ത്യം.
അല്‍ബേനിയന്‍ ലീഗിലെ ഏഷ്യ രോഗോജിന്റെ താരമായ റഫേല്‍ എഫ്.കെ പാര്‍ട്ടി സാനി ടിരാനക്കെതിരായ മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് മൈതാനത്ത് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2017-2018 വര്‍ഷം ഘാന ദേശീയ ടീമിനായി ഒമ്പത് മത്സരങ്ങളില്‍നിന്നായി 2 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇംപ്ലാന്റബ്ള്‍ കാര്‍ഡിയോവര്‍ട്ടറിന്റെ സഹായത്തോടെയാണ് താരം കളിച്ചിരുന്നത്. പ്രീമിയര്‍ ലീഗിലെ ബ്രൈറ്റണ്‍ ക്ലബില്‍ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്റെ ഹൃദയത്തില്‍ തകരാര്‍ കണ്ടെത്തുന്നത്.
വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടതോടെ താരത്തെ ക്ലബിലെടുത്തില്ല. പിന്നാലെ ഓസ്ട്രിയയില്‍ ലു നൊക്കുവേണ്ടിയും എഫ്.സി സൂറിച്ചിനുവേണ്ടും കളിച്ചു. ഇവിടെ നിന്നാണ് സ്‌പെയിനിലെ ലെവാന്റയിലേക്ക് കൂടുമാറുന്നത്. എന്നാല്‍, മത്സരത്തിനിടെ പലതവണ കുഴഞ്ഞുവീണതോടെ ക്ലബും കൈവിട്ടു. ഒടുവിലാണ് അല്‍ബേനിയന്‍ ലീഗിലേക്ക് ചേക്കേറിയത്.