ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയടക്കം നാലു പേര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. അഭിഭാഷകയായ ഗീനകുമാരി, എവി വര്‍ഷ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
സോളിസിറ്റര്‍ ജനറല്‍ കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് നേരിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. അനുമതി നിഷേധിച്ച് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് ഗീനകുമാരിയും വര്‍ഷയും ഹര്‍ജി നല്‍കിയത്. ശ്രീധരന്‍ പിള്ളയെ കൂടാതെ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, ചലച്ചിത്ര താരം കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ, ബിജെപി പത്തനംത്തിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.
ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധി തെറ്റായി വ്യാഖ്യാനിച്ചു, വിധി നടപ്പാക്കാതിരിക്കാനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രസംഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ശ്രീധരന്‍പിള്ളക്കെതിരെയുള്ളത്. ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞതിന് മുരളീധരന്‍ ഉണ്ണിത്താന്‍, സ്ത്രീകളെ കീറിയെറിയുമെന്ന് പറഞ്ഞതിന് കൊല്ലം തുളസി എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. യുവതികള്‍ കയറിയാല്‍ നട അടക്കണമെന്ന് പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.