X

പ്രവാചക നിന്ദ: ഗള്‍ഫ് രാജ്യങ്ങളുമായി അനുനയ നീക്കം തുടരുന്നു

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങള്‍ക്കുണ്ടായ അതൃപ്തി പരിഹരിക്കാന്‍ കേന്ദ്ര നീക്കം ആരംഭിച്ചു. വിഷയത്തില്‍ ഗൗരവകരമായി ഇടപെട്ട് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്ര ഉേദ്യാഗസ്ഥര്‍ക്ക് വിദേശകാര്യ സെക്രട്ടറി സന്ദേശം അയച്ചു.

കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കണമെന്ന് നിര്‍ദേശം. ഇന്ത്യക്കെതിരായ നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. അല്‍ഖാഇദയുടെ ഭീകരാക്രമണ ഭീഷണിക്ക് പിന്നാലെയാണ് നീക്കം. പ്രവാചകനെ അവഹേളിക്കുന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ഇറാഖ്, ലിബിയ, യുഎഇ, മലേഷ്യ, ഖത്തര്‍, കുവൈത്ത്, സഊദി അറേബ്യ, തുര്‍ക്കിയെ തുടങ്ങി 15 രാജ്യങ്ങളാണ് പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയത്. ഏറ്റവും ഒടുവില്‍ തുര്‍ക്കിയെയാണ് പ്രവാചക വിരുദ്ധ പരാമര്‍ശത്തെ അപലപിച്ചത്.

അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് തുര്‍ക്കിയെയും പ്രവാചക നിന്ദ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്്‌ലാമിക സംഘടനകളും നിര്‍ദ്ദേശിക്കുന്നത്.

പ്രവാചക നിന്ദ രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ അന്തരാഷ്ട്ര തലത്തില്‍ മോശമാക്കിയ സാഹചര്യത്തില്‍ പ്രസ്താവന നടത്തിയവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചിരുന്നു. അതേ സമയം പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മ്മയെ മുബൈ പൊലീസ് ചോദ്യം ചെയ്യും. ജൂണ്‍ 22ന് മുംബൈ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നുപൂര്‍ ശര്‍മയ്ക്ക് നോട്ടീസ് നല്‍കി. റാസ അക്കാദമി ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷെയ്ക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തല്‍, രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

താനെയിലെ അമ്പര്‍നാഥിലും നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുസ്‌ലിം വെല്‍ഫയര്‍ കമ്മറ്റിയുടെ പരാതിയിലാണ് നടപടി. അതിനിടെ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് അല്‍ ഖാഇദ ഭീഷണിയും പുറത്തുവന്നിട്ടുണ്ട്.

Chandrika Web: