ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് അണുബാധയുള്ള പോളിയോ വാക്‌സിന്‍ നല്‍കിയതായി കണ്ടെത്തി. തെലുങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ തുള്ളിമരുന്നിലാണ് ടൈപ്പ് 2 പോളിയോ വൈറസാണ് കലര്‍ന്നത്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരണം.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോമെഡ് മരുന്നു കമ്പനി തയാറാക്കിയ കുപ്പികളിലാണ് പോളിയോ വൈറസുകള്‍ കണ്ടെത്തിയിരിക്കുന്നത്.
വൈറസ് കലര്‍ന്ന പോളിയോ നല്‍കപ്പെട്ട കുട്ടികളെ കണ്ടെത്തി നിരീക്ഷണമേര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു. ടൈപ്പ് 2 പോളിയോ വൈറസ് കലര്‍ന്ന 50,000 മരുന്നുകുപ്പികള്‍ ഇതുവരെ കണ്ടെത്തിയതായും ഇനിയും ഒരു ലക്ഷം കുപ്പികളില്‍ വൈറസ് കലര്‍ന്നതായി സംശയിക്കുന്നതായും ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ബയോമെഡ് മാനേജിങ് ഡയറക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. സര്‍ക്കാരിന്റെ രോഗപ്രതിരോധ പദ്ധതികളില്‍ പോളിയോ വാക്‌സിന്‍ വിതരണം ചെയ്തുവരുന്ന കമ്പനിയാണ് ബയോമെഡ്. ബയോമെഡ് തയ്യാറാക്കിയ വാക്‌സിനുകള്‍ പിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ആഗോള തലത്തില്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ട വൈറസാണ് ടൈപ്പ് 2 പോളിയോ.