കണ്ണൂര്‍: തലശേരിയില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ കുടുംബസംഗമം നടത്തി സിപിഎം പ്രവര്‍ത്തകര്‍. തലശ്ശേരി നഗരസഭയിലെ 35ാം വാര്‍ഡ് (കൊമ്മല്‍) കണ്ടെയ്ന്‍മെന്റ് സോണിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ഭരണകക്ഷി പാര്‍ട്ടി തന്നെ ആള്‍ക്കൂട്ട യോഗം വിളിച്ചു കൂട്ടിയത്.
ഈ വാര്‍ഡില്‍ പത്തിലധികം ആളുകള്‍ക്ക് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രോഗിയുള്ള വീടിന്റെ അടുത്ത് തന്നെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാല്‍പതിലധികം പേര്‍ പങ്കെടുക്കുന്ന കുടുംബ സംഗമം നടത്തുകയായിരുന്നു.
കുടുംബയോഗം ശ്രദ്ധയില്‍ പെട്ടതോടെ വാര്‍ഡ് കൗണ്‍സിലര്‍ ഉടന്‍തന്നെ തലശേരി പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ വീട്ടുകാര്‍ക്കെതിരെ കേസെടുക്കരുതെന്ന് പോലീസിനോട് ആവശ്യപ്പെട്ടുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് കൗണ്‍സിലര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ചെല്ലുകയും വീട്ടുകാര്‍ക്കെതിരെ രേഖാമൂലം പരാതി എഴുതി നല്‍കുകയും തുടര്‍ന്ന് വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
കണ്ടെയ്ന്‍മെന്റ് സോണില്‍ പോലും പാര്‍ട്ടി പരിപാടികള്‍ നടത്തി രോഗവ്യാപനം കൂട്ടുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത്‌നിന്നുണ്ടാകുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ ലിജേഷ് ആരോപിച്ചു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വാര്‍ഡില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വ്വ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.