X

സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിക്കുന്നു; പനിബാധിതരുടെ പ്രതിദിന എണ്ണം 15,000ലേക്ക് കടന്നു

സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിച്ച് ഉയരുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 15,000ലേക്ക് ഉയരുന്നു. ഇന്നലെ 15493 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്തുമാത്രം ഇന്നലെ 2804 പേര്‍ക്ക് പനി ബാധിച്ചു.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഇന്നലെ ആയിരത്തില്‍ അധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇന്നലെ സംസ്ഥാനത്ത് 55 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 262 പേര്‍ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തി. 3 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍, 8 പേര്‍ക്ക് എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തി.

ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ടവ

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പഴങ്ങള്‍ കഴിക്കാനും പഴച്ചാറുകള്‍ കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്‌ലെറ്റുകള്‍ താഴ്ന്ന പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. രോഗം ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളില്‍ കിടത്തുക, കൊതുക് നശീകരണം ഉറപ്പാക്കുക, വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നിവയാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍.

ലക്ഷണങ്ങള്‍

അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനി വൈറസ് ശരീരത്തിനുള്ളില്‍ കയറിയാല്‍ അഞ്ച് മുതല്‍ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ അതി തീവ്രമായ പനി, കടുത്ത തലവേദന, കണ്ണ് വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, ഛര്‍ദ്ദി എന്നിങ്ങനെയാണ്.

webdesk13: