സംഭാലില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതായി റിപ്പോര്‍ട്ട്. കയ്യേറ്റങ്ങളുടെ പേരിലാണ് നടപടികള്‍ തുടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ സംഭാലില്‍ ചരിത്രപരവും സാംസ്‌ക്കാരികപരവുമായ പൈതൃകം സംരക്ഷിക്കുമെന്ന് അവകാശപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസ് നടപടികള്‍ തുടരുന്നത്. ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് കെട്ടിടങ്ങളും വീടുകളുമടക്കം പൊളിക്കുന്നത്. ഇന്നലെ (ശനിയാഴ്ച) പാപ് മോചന്‍ തീര്‍ത്ഥ പ്രദേശത്തിന് സമീപത്തുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദന മിശ്രയുടെ നേതൃത്വത്തിലാണ് നടപടികള്‍. സദര്‍ കോട്വാലി അധികാര പരിധിയില്‍ വരുന്ന ബഹാജോയ് റോഡിലെ തിവാരി സരായി എന്ന സ്ഥലത്തെ കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജെ.സി.ബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടപടി.
തീര്‍ത്ഥാടന കേന്ദ്രത്തിന് പിന്നിലുള്ള കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നുവെന്നും അനധികൃതമായി ഭൂമി കയ്യേറിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും മജിസ്‌ട്രേറ്റ് വന്ദന മിശ്ര അറിയിച്ചു.
അതേസമയം തീര്‍ത്ഥാടന കേന്ദ്രേങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയക്ക് സമീപത്തുള്ള കെട്ടിടങ്ങളും വീടുകളുമൊക്കെയാണ് പൊളിക്കുന്നതെന്നും ഇതിനകം നിരവധി വസ്തുക്കള്‍ പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭരണകൂടത്തിന്റെ നിയമപ്രകാരം മതപരമായ നിര്‍മിതികളൊന്നും പൊളിക്കല്‍ നടപടിയില്‍ ഉള്‍പ്പെട്ടിട്ടില്ല. മതപരമായ കേന്ദ്രങ്ങളുടെ പവിത്രതയ്ക്കും പ്രവേശനത്തിനും ബുദ്ധിമുട്ടാവുന്ന കൈയേറ്റങ്ങളാണ് പൊളിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പാപ് മോചന്‍ തീര്‍ത്ഥയ്ക്ക് പുറമെ തീവാരി സരായി, മുന്നി മാതാ ക്ഷേത്രത്തിന് സമീപമുള്ള കയ്യേറ്റങ്ങളും പൊളിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ബാരിക്കേഡുകള്‍, താത്ക്കാലിക നിര്‍മാണങ്ങള്‍ എന്നിവ പൊളിച്ചുമാറ്റുമെന്നും വീടുകളിലെ താമസക്കാരെ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.