X

പാലക്കാട് -കോഴിക്കോട് ദേശീയ പാത നിർമാണം:സംസ്ഥാന സർക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് റിപ്പോർട്ട്

പാലക്കാട് -കോഴിക്കോട് ദേശീയ പാത 966ലെ നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് ധനകാര്യ റിപ്പോര്‍ട്ട്. അരിപ്ര മുതല്‍ നാട്ടുകല്‍ വരെയുള്ള 23 കിലോ മീറ്റര്‍ റോഡിന്റെ വീതിക്കൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാരിന് നഷ്ടമുണ്ടായത്. അസംസ്‌കൃത വസ്തുക്കളുടെ ടെസ്റ്റ് റിസള്‍ട്ടുകള്‍ അവലോകനം ചെയ്തതില്‍ അളവുകളില്‍ കുറവുള്ളതായി കണ്ടെത്തി.

റോഡിന്റെ വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികളില്‍ സ്വജനപക്ഷപാതവും നിര്‍വഹണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നതായി ആരോപിച്ച് ലഭിച്ച പരാതിയിന്മേലാണ് ധനകാര്യ വിഭാഗ പരിശോധന നടത്തിയത്. ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ (സി.ടി.ഇ) കാര്യാലയത്തിലെ സാങ്കേതിക വിദഗ്ദ്ധരും സംയുക്ത പരിശോധയില്‍ പങ്കെടുത്തു. അന്വേഷണത്തില്‍ ഗുരുതരമായി ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ക്വാളിറ്റി വിഭാഗം തയാറാക്കിയ ടെസ്റ്റ് റിപ്പോര്‍ട്ടുകളും ഫൈനല്‍ ബില്ലും താരതമ്യപ്പെടുത്തിയപ്പോള്‍ വന്നിട്ടുള്ള നഷ്ടം 7,19,42,216 രൂപ രൂപയാണ് എന്ന് ചിഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ (സി.ടി.ഇ) സാക്ഷ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. എസ്റ്റിമേറ്റ് പ്രകാരം നിര്‍വഹിക്കേണ്ട പ്രവര്‍ത്തിയില്‍ കൃത്രിമം കാണിച്ച് സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയ കരാറുകാരന്‍/കമ്പനിയായ മഞ്ചേരിയിലെ മലബാര്‍ ടെക്, എന്ന സ്ഥാപനത്തിന്റെ കരാര്‍ ലൈസന്‍സ് ഉടമയുടെ ലൈസന്‍സ് റദ്ദ് ചെയ്ത് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഭരണ വകുപ്പ് പരിശോധിച്ച് തുടര്‍ നടപടി കൈക്കൊള്ളമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.

അസംസ്‌കൃത ഇനങ്ങളുടെ കനവും നിലവാരവും കുറച്ച് സര്‍ക്കാര്‍ ഖജനാവിനു 7.19 കോടി രൂപയുടെ നഷ്ടം വരുത്തുകയും കരാറുകാരനെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തി കൃത്യവിലോപം കാട്ടിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ കെ. മുഹമ്മദ് ഇസ്മയില്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ എം.കെ. സിമി, അസി. എഞ്ചിനീയറായ സി.ടി. മുഹ്‌സില്‍, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ പി. പ്രദീപ് കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണം.

സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതായി സി.ടി.ഇ കണക്കാക്കിയ തുകയായ 7,19,42,216 രൂപ ഈ ഉദ്യോഗസ്ഥരുടെ തുല്യ ബാധ്യതയായി കണക്കാക്കണം. ഇവരില്‍നിന്ന് ഈ തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് അടിയന്തര നടപടി പൊതുമരാമത്തു വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.

webdesk13: