സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിര്‍ദേശവുമായി വനിത കമ്മീഷന്‍. സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലനവും നിര്‍ബന്ധമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിക്ക് മുന്നില്‍ ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സിനിമ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സിനിമയില്‍ സ്ത്രീകളെ പോസിറ്റീവായി ചിത്രീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
സിനിമയില്‍ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലുമായിരിക്കണം സിനിമയില്‍ സ്ത്രീകളെ ചിത്രീകരിക്കാന്‍ എന്നതാണ് ഇതിലെ പ്രധാന നിര്‍ദേശം. അഭിനേതാക്കള്‍ ചെയ്യുന്ന റോളുകള്‍ ഒരു സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതോ അവരുടെ അന്തസിനെ തരംതാഴ്ത്തുന്നതോ ആകരുതെന്നും നിര്‍ദേശത്തിലുണ്ട്. സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലന ക്ലാസുകള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്ത്രീകള്‍ സുപ്രധാന ഭാഗമാകുന്ന സിനിമകള്‍ക്ക് നികുതി ഇളവുകളും മറ്റ് ഗ്രാന്റുകളും സര്‍ക്കാര്‍ നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്.