X

ഇന്ത്യന്‍ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി ജസ്തി ചെലമേശ്വര്‍. രാജ്യത്തിന്റെ നയം സംബന്ധിച്ച ഏറ്റവും വലിയ ഔദ്യോഗിക രേഖയാണ് ഭരണഘടന. ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വജീവന്‍ ബലികഴിച്ച് നേടിയെടുതുത്താണത്. യുവാക്കള്‍ അതിന്റെ മൂല്യം ഉള്‍കൊള്ളണം. നിയമ നിര്‍മാണ സഭകളും നീതിന്യായ കേന്ദ്രങ്ങളും നിലനില്‍ക്കുന്നത് ഭരണഘടനയുടെ അടിത്തറയിലാണ്. ഭരണഘടനയാണ് നമ്മെ നയിക്കേണ്ടത്. നമ്മള്‍ ഭരണഘടനയെ അല്ല നയിക്കേണ്ടതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. ഡല്‍ഹിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ ശേഷം ജസ്റ്റിസ് ചെലമേശ്വര്‍ പങ്കെടുക്കുന്ന ആദ്യ പൊതുവേദിയായിരുന്നു ഇത്. ചടങ്ങില്‍ പങ്കെടുത്ത മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എം.എന്‍ വെങ്കടാചലയ്യ ജസ്റ്റിസ് ചെലമേശ്വറിന്റെ വാനോളം പുകഴ്ത്തുകയും ചെയ്തു. കോടിതിയിലെ സന്യാസിയാണ് ജസ്റ്റിസ് ചെലമേശ്വര്‍. നീതി, സത്യം, ദയാവായ്പ് എന്നിവ ആത്മാവില്‍ അടങ്ങിയിട്ടുള്ളതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ബഹുമുഖങ്ങളെ വിലയിരുത്തല്‍ അസാധ്യമാണെന്നും ജസ്റ്റിസ് വെങ്കടാചലയ്യ കൂട്ടിച്ചേര്‍ത്തു.

chandrika: