X

ഭരണഘടനയും പുതിയ വെല്ലുവിളികളും

സുഫിയാന്‍ അബ്ദുസ്സലാം

സംഘ്പരിവാര്‍ ഇത്രയുംകാലം ശ്രമിച്ചിട്ടും ജഡ്ജിമാരുടെ നിയമനം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചിട്ടില്ല. കൊളീജിയത്തെ തകര്‍ക്കുക എന്നതാണ് പ്രധാനമായും സംഘ് പരിവാര്‍ ലക്ഷ്യമിടുന്നത്. കൊളീജിയം അയക്കുന്ന ജഡ്ജസ് പാനല്‍ അംഗീകരിച്ച് തിരിച്ചയക്കാന്‍ നിയമമന്ത്രാലയം കേവലം പോസ്റ്റ് ഓഫീസ് അല്ല എന്നായിരുന്നു മുന്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്. പക്ഷേ അവരുടെ ഭീഷണിയില്‍ ചീഫ് ജസ്റ്റിസുമാര്‍ വീണുപോയില്ല. അവര്‍ ഉറച്ചുനിന്നു. ഭരണഘടനയെതന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഇടപെടലുകളിലേക്കാണ് സംഘ്പരിവാര്‍ ‘എക്‌സിക്യൂട്ടീവുകള്‍’ നീങ്ങിക്കൊണ്ടിരിക്കുന്നത്.

വളരെ നിര്‍ണായകമായ ഈ സന്ദര്‍ഭത്തിലാണ് പുതിയ ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റത്. 2022 നവംബര്‍ 8 മുതല്‍ രണ്ടുവര്‍ഷത്തോളമാണ് അദ്ദേഹത്തിന്റെ കാലാവധി. കൂടുതല്‍ കാലയളവുള്ളത് കൊണ്ടുതന്നെ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരുമായി ഏറെ ഏറ്റുമുട്ടേണ്ട സാഹചര്യങ്ങളാണ് ഉണ്ടായിവന്നിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അവകാശമില്ല എന്ന് പ്രഖ്യാപിച്ച ‘മിനര്‍വ കേസ്’ വിധിയിലൂടെ പ്രസിദ്ധനായ യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. ഹാദിയ കേസില്‍ സംഘ്പരിവാറിനെ ഞെട്ടിച്ചുകൊണ്ട്, ഒരാള്‍ ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അയാള്‍ക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹാദിയക്ക് അനുകൂലമായി വിധി പറഞ്ഞ ന്യായാധിപന്‍കൂടിയാണ് അദ്ദേഹം. ഭീമ കൊറെഗാവ് കേസില്‍ മഹാരാഷ്ട്ര പൊലീസിനെതിരെ ശക്തമായി പ്രതികരിച്ചുവിധി പ്രസ്താവിച്ചതും അദ്ദേഹമായിരുന്നു. അതേസമയം ബാബരി മസ്ജിദ് സ്ഥലവുമായി ബന്ധപ്പെട്ട അന്തിമവിധിയില്‍ മറ്റു നാല് ന്യായാധിപന്മാരോട് യോജിച്ചുകൊണ്ട് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടുകൊടുത്തുകൊണ്ടുള്ള വിധിയില്‍ അദ്ദേഹത്തിന്റെ ഒപ്പുമുണ്ടായിരുന്നു.

അടുത്തകാലത്തായി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയവുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം സംഘട്ടനത്തിലാണ്. കൊളീജിയം വേണ്ട, പകരം എന്‍. ജെ.എ.സി മതി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും നിലവിലെ കൊളീജിയം സിസ്റ്റത്തെ തകര്‍ക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് അടുത്ത കാലങ്ങളില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2022 ഡിസംബര്‍ 13 ന് സുപ്രീംകോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് കൊളീജിയം കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചിരുന്നു. എന്നാല്‍ പ്രതികരണങ്ങളില്ലാതെയും കൊളീജിയത്തിനെതിരെ ഒളിയമ്പുകള്‍ എയ്തുകൊണ്ടും കുറേകാലം മന്ത്രാലയം താമസിപ്പിച്ചു. ജനുവരി 17 ന് നിയമ മന്ത്രാലയം കൊളീജിയത്തിന് അയച്ച മറുപടിയില്‍ പറഞ്ഞത് ജഡ്ജിമാരെ തിരഞ്ഞെടുക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അതില്‍ സര്‍ക്കാര്‍ പ്രതിനിധി ഉണ്ടായിരിക്കണമെന്നുമാണ്. നേരത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞ എന്‍.ജെ.എ.സിയുടെ അതേ ആശയം. എന്നാല്‍ സര്‍ക്കാറിന്റെ കത്ത് കൊളീജിയം തള്ളുകയും നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഒടുവില്‍ ഫിബ്രവരി നാലിനു കൊളീജിയം അയച്ച ലിസ്റ്റ് സര്‍ക്കാറിന് അംഗീകരിക്കേണ്ടിവന്നു.

കൊളീജിയവും നിയമമന്ത്രാലയവും തമ്മിലുള്ള സമരം തുടരുന്നതിനിടെ ജനുവരി 11 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ജയ്പൂരില്‍ നടന്ന പ്രിസൈഡിങ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന സംഘ്പരിവാര്‍ അജണ്ടതുറന്നുകാണിക്കുന്നതായിരുന്നു. സുപ്രീംകോടതി എന്‍.ജെ.എ.സിയെ റദ്ദ് ചെയ്തതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ വിമര്‍ശനം ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്ന വിധത്തിലായിരുന്നു. ഭരണഘടനയുടെ അടിസ്ഥാന രൂപം ഒരിക്കലും മാറ്റാന്‍ പാടില്ലെന്ന സുപ്രീംകോടതിയുടെ പ്രസിദ്ധമായ കേശവാനന്ദ ഭാരതി വിധിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘ഭരണഘടനയേക്കാള്‍ അധികാരം പാര്‍ലമെന്റിനാണ്’ എന്നാണ് ധന്‍ഖറിന്റെ പ്രസ്താവനയുടെ സന്ദേശം. 1973 ലാണ് ഭരണഘടനയുടെ അടിസ്ഥാനഘടനകളെ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കുന്ന കേശവാനന്ദ ഭാരതി വിധി സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്. വിധിയുടെ അമ്പതാം വാര്‍ഷിക വേളയിലാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

ഭരണഘടനയെ സംരക്ഷിക്കാന്‍ ഏറ്റവും ഉത്തരവാദിത്തമുള്ള ഉപരാഷ്ട്രപതി തന്നെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനെതിരെ സംസാരിക്കുന്നത് ഗുരുതരമാണ്. വാജ്‌പേയി, അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യനായിഡു തുടങ്ങിയവരെല്ലാം കേശവാനന്ദ ഭാരതി വിധിയെ പുകഴ്ത്തിയാണ് സംസാരിച്ചതെങ്കില്‍ എന്തുകൊണ്ട് ജഗ്ദീപ് ധന്‍ഖര്‍ അതിനെതിരെ സംസാരിക്കുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഉപരാഷ്ട്രപതിയെ ഉപയോഗപ്പെടുത്തി ജുഡീഷ്യറിയെ വരുതിക്ക്‌കൊണ്ടുവരാനുള്ള സംഘ്പരിവാറിന്റെ ആസൂത്രണമാണത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌മേലുള്ള ഭൂരിപക്ഷാധിഷ്ഠിത ആക്രമണം തടയുന്നതിനാണ് അടിസ്ഥാന ഘടനാസിദ്ധാന്തം രാജ്യം വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ ജനാധിപത്യം ഭൂരിപക്ഷാധിഷ്ഠിതമല്ല. അത് ഭരണഘടനയുടെ അടിസ്ഥാന ഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, സാഹോദര്യം എന്നിവയിലാണ് പടുത്തയര്‍ത്തപ്പെട്ടിട്ടുള്ളത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അതിനെ തകര്‍ക്കാന്‍ സാധിക്കില്ല.

സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസുമാരെയും കൊളീജിയത്തെയും ഭീഷണിപ്പെടുത്തി ഒതുക്കാനും ജുഡീഷ്യറിയില്‍ തങ്ങളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും നടപ്പാക്കാനുമുള്ള ശ്രമങ്ങളാണ് മോദി അധികാരത്തില്‍വന്ന ശേഷം സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി.ബി.സി ഡോക്യൂമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചതിന് സുപ്രീംകോടതിയെ പരസ്യമായി വിമര്‍ശിക്കാനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ് ആര്‍.എസ്. എസ് വാരികയായ പാഞ്ചജന്യ. ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ നിലനിര്‍ത്താനും സുപ്രീം കോടതിയെ സംരക്ഷിക്കാനും ആവശ്യമായ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്താന്‍ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്.
(അവസാനിച്ചു)

 

webdesk13: