ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹരിയാന സ്വദേശിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ നിന്ന് പിടിയിലായ പ്രതിയെ വ്യാഴാഴ്ച നവി മുംബൈയില്‍ എത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഇക്കഴിഞ്ഞ ജൂണില്‍ സല്‍മാന്‍ ഖാന്‍ ഫാം ഹൗസിലേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ ഈ സംഘം വധിക്കാന്‍ പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു. ഏപ്രിലില്‍ ബാന്ദ്രയിലെ വസതിക്കു നേരെ വെടിയുതിത്തതിനു ശേഷമാണ് ഗൂഢാലോചന നടന്നത്.
വീടിനു നേരെ വെടിവെച്ചത് ലോറന്‍സ് ബിഷ്‌ണോയി സംഘമാണെന്ന് സല്‍മാന്‍ ഖാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ബിഷ്‌ണോയ്, സമ്പത് നെഹ്‌റ ഗ്യാങ്ങുകള്‍ സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എഴുപതോളം പേരെ നിയോഗിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന ശക്തമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ പനവേല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന എന്‍.സി.പി നേതാവ് ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള അടുപ്പമാണ് എന്‍.സി.പി നേതാവിന്റെ കൊലയ്ക്ക് കാരണമെന്ന് ബിഷ്‌ണോയി സംഘാംഗമെന്ന് കരുതുന്നയാളുടെ സമൂഹമാധ്യമത്തില്‍ നിന്നും ഉയര്‍ന്നിരുന്നു.