X

വ്യവഹാരങ്ങള്‍ക്ക് ഗൂഢലക്ഷ്യം; ഗ്യാന്‍ വാപിക്കു പിന്നാലെ മഥുര ഈദ് ഗാഹ് മസ്ജിദും കോടതിയിലേക്ക്

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട വിവാദങ്ങളും കോടതി നടപടികളും തുടരുന്നതിനിടെ മഥുര ഈദ് ഗാഹ് മസ്ജിദിനെതിരായ നീക്കവും കോടതിയിലേക്ക്. ഈദ്ഗാഹ് മസ്ജിദിനെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ജില്ലാ കോടതി വ്യക്തമാക്കി. തൊട്ടു പിന്നാലെ ഗ്യാന്‍വാപി മാതൃകയില്‍ ഈദ്ഗാഹ് മസ്ജിദില്‍ വീഡിയോ സര്‍വേ നടത്തുന്നതിന് സിവില്‍ കോടതി ഉത്തരവിട്ടു.

രാജ്യത്ത് സാമുദായിക ഛിദ്രത സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സംഘ് പരിവാറിന്റെ ഗൂഢ തന്ത്രങ്ങളാണ് ചിരപുരാതനായ ആരാധാനാലയങ്ങളെ നിയമവ്യവഹാരത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് കോടതി ഇടപെടല്‍.

ഈദ്ഗാഹ് മസ്ജിദിനെതിരായ ഹര്‍ജി നിലനില്‍ക്കില്ലെന്ന 2020 സെപ്തംബര്‍ 30ലെ സിവില്‍ കോടതി വിധിക്കെതിരെ ഭഗവാന്‍ ശ്രീകൃഷ്ണനു വേണ്ടി ഏതാനും ഹര്‍ജിക്കാരാണ് ജില്ലാ കോടതിയെ സമീപിച്ചത്. ശ്രീകൃഷ്ണ ജന്മഭൂമിയിലാണ് 13.37 ഏക്കര്‍ സ്ഥലത്തെ പള്ളി നില്‍ക്കുന്നതെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. യു.പിയിലെ തന്നെ ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്വത്തില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനെതിരേയുള്ള നീക്കം. ഇരു പള്ളികള്‍ക്കും എതിരെ ഇപ്പോള്‍ നടക്കുന്ന നിയമ നടപടികള്‍ 1991ലെ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പ്ലേസസ് ഓഫ് വര്‍ഷിപ് നിയമം പരിഗണിക്കാതെയാണ്. 1947 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ആരാധനാലയങ്ങളുടെ സ്വഭാവം എന്താണോ അത് രൂപമാറ്റം വരുത്താതെ നിലനിര്‍ത്തണമെന്നാണ് നിയമം പറയുന്നത്. മുകള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ കാലത്താണ് ഷാഹി ഈദ് ഗാഹ് മസ്ജിദ് നിര്‍മിച്ചത്. ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്തിന് മുകളിലാണ് പള്ളി പണിതതെന്ന് ആരോപിച്ചാണ് ഹര്‍ജി. ജില്ലാ ജഡ്ജി രാജീവ് ഭാരതി ഹര്‍ജി അംഗീകരിച്ചതോടെയാണ് കോടതിയില്‍ വ്യവഹാരങ്ങള്‍ക്ക് തുടക്കമായത്.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്കും പിന്നീട് പള്ളി തന്നെ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്നതിലേക്കും എത്തിച്ചതിന് സമാനമായ നിയമപോരാട്ട സാഹചര്യങ്ങളിലേക്കാണ് സംഘ്പരിവാര്‍ ഒരിക്കല്‍കൂടി രാജ്യത്തെ കൊണ്ടുപോകുന്നത്.

Chandrika Web: