ന്യൂഡല്‍ഹി: ഡയറക്ട് ടു ഹോം (ഡിടിഎച്ച്) മാതൃകയില്‍ ഡേറ്റ കണക്ഷനുകളില്ലാതെ തന്നെ മൊബൈല്‍ ഫോണുകളിലേക്ക് ടിവി ചാനലുകളുടെ തത്സമയ പ്രക്ഷേപണം എത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് കേന്ദ്രം. ഡയരക്ട് ടു മൊബൈല്‍ (ഡി.ടി.ബി) എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡേറ്റ കണക്ഷന്‍ ഇല്ലാതെ തന്നെ മൊബൈല്‍ ഫോണുകളില്‍ ടിവി കാണാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് , ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഐ. ഐ.ടി കാണ്‍പൂര്‍ എന്നിവര്‍ സഹകരിച്ച് സംരംഭത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പദ്ധതി നടപ്പാക്കാനുള്ള സാധ്യതയുണ്ടെങ്കിലും വീഡിയോ ഉപഭോഗം വഴി ലഭിക്കുന്ന ഡേറ്റ വരുമാനം നഷ്ടപ്പെടുമെന്ന ആശങ്കമൂലം ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് എതിര്‍പ്പ് നേരിട്ടേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് ടിവി ഉപയോഗിക്കുന്നത് ഏകദേശം 210-220 ദശലക്ഷം വീടുകളിലാണ്. എന്നാല്‍ രാജ്യത്ത് ഏകദേശം 800 ദശലക്ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുണ്ട്. ഇത് 2026 ഓടെ ഒരു ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.