X

തുടര്‍ച്ചയായ മല്‍സരങ്ങള്‍; ഇന്തോനേഷ്യക്കെതിരെ മെസി കളിക്കില്ല

ബെയ്ജിംഗ്: ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ മല്‍സരത്തില്‍ എണ്‍പതാം സെക്കന്‍ഡില്‍ തന്നെ അതിസുന്ദര ഗോളുമായി ലോകത്ത് തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച ലിയോ മെസിയെ മൈതാനത്ത് കാണാന്‍ ഇന്തോനേഷ്യക്കാര്‍ക്ക് ഭാഗ്യമില്ല. ഏഷ്യന്‍ പര്യടനത്തില്‍ അര്‍ജന്റീനക്കാരുടെ അടുത്ത മല്‍സരം തിങ്കളാഴ്ച്ച ജക്കാര്‍ത്തയിലെ ജിലോറ ബും കാര്‍മോ സ്‌റ്റേഡിയത്തില്‍ ഇന്തോനേഷ്യയുമായാണ്. ഈ മല്‍സരത്തില്‍ മെസി കളിക്കില്ലെന്ന് കോച്ച് ലയണല്‍ സ്‌കലോനി വ്യക്തമാക്കി.

തുടര്‍ച്ചയായ മല്‍സരങ്ങള്‍ താരത്തെ ക്ഷീണിതനാക്കുമെന്ന് മനസിലാക്കിയാണ് മെസിക്കും നിക്കോളാസ് ഓട്ടോമെന്‍ഡിക്കും എമിലിയാനോ മാര്‍ട്ടിനസിനുമെല്ലാം വിശ്രമം അനുവദിക്കുന്നത്. കഴിഞ്ഞ ദിവസം മെസിയെ കാണാന്‍ മാത്രം വര്‍ക്കേഴ്‌സ് സ്‌റ്റേഡിയത്തില്‍ 70,000 ചൈനക്കാരാണ് എത്തിയത്. അത്രത്തോളം പേര്‍ ടിക്കറ്റ് ലഭിക്കാതെ പുറത്ത് കാത്തുനിന്നു. മെസി ഗോള്‍ നേടയതിന് പിറകേ ആരാധകരില്‍ ചിലര്‍ സുരക്ഷാ പൊലീസിനെ മറികടന്ന് മൈതാനത്തുമെത്തി. മെസി എത്തിയത് മുതല്‍ ചൈനയില്‍ അദ്ദേഹം മാത്രമാണ് താരം. വാര്‍ത്തകളിലും ടെലിവിഷനിലുമെല്ലാം മെസി മയം. ചൈനീസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന തീരുമാനവും മെസി ലോകത്തെ അറിയിച്ചത്. 2026 ലെ ലോകകപ്പില്‍ താനുണ്ടാവില്ലെന്നായിരുന്നു അത്. 103 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോക്കും അലി ദായിക്കും പിറകില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചാമ്പ്യന്‍ താരം അടുത്തയാഴ്ച്ച മുപ്പത്തിയാറാം പിറന്നാള്‍ നിറവിലുമാണ്.

webdesk11: