ബംഗളൂരു: കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ഏതു വിധേനയും ഭരണം പിടിക്കാന്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പി ശ്രമിക്കുമ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്സും രംഗത്തെത്തി. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ലെങ്കില്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
എം.എല്‍.എമാരുമായി രാജ്ഭവനു മുന്നിലെത്താനാണ് ആദ്യ തീരുമാനം. പിന്നീട് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണുന്നതിനും സുപ്രീംകോടതിയെ സമീപിക്കുന്നതിനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 70 എം.എല്‍എമാരുടെ ഒപ്പ് ലഭിച്ചുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതിനും തീരുമാനമായി. കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ കുതിരക്കച്ചവടം നടത്തി അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടയിലാണ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. 100 കോടി രൂപ ഓരോ പാര്‍ട്ടി എം.എല്‍.എക്കും ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
ജെ.ഡി.എസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യമില്ല. ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെങ്കില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ ഞാന്‍ സംരക്ഷിക്കും. ബി.ജെ.പിയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. നേരത്തെ, ബി.ജെ.പിയുമായുണ്ടാക്കിയ കൂട്ടുകെട്ട് വലിയ തെറ്റായിരുന്നു. ഇനിയും അച്ഛന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബി.ജെ.പി എം.എല്‍.എമാര്‍ തന്റെ കൂടെ പോരുന്നതോടെ ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമല വിജയിക്കും. ജെ.ഡി.എസില്‍ നിന്നൊരാളെ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ രണ്ടുപേരെ ബി.ജെ.പിയില്‍ നിന്ന് താന്‍ വലിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കുതിരക്കച്ചടവത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു തീരുമാനവും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കുനിന്നാരംഭിച്ച ബി.ജെ.പിയുടെ അശ്വമേധയാത്ര കര്‍ണാടകയിലെത്തിയപ്പോള്‍ അവസാനിച്ചു. പ്രതിപക്ഷ നേതാക്കളെ തകര്‍ക്കല്‍ ലക്ഷ്യം വെച്ച് മോദി സര്‍ക്കാര്‍ സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. അധികാരം തനിക്ക് പ്രധാനപ്പെട്ടതല്ല. രാജ്യത്തിന്റെ അസന്തുലിതാവസ്ഥ പരിഹരിക്കലാണ് തന്റെ ആവശ്യമെന്നും കുമാരസ്വാമി പറഞ്ഞു.
ജെ.ഡി.എസ് എം.എല്‍.എമാര്‍ക്ക് 100 കോടി വീതം ബി.ജെ.പി വാഗ്ദാനം ചെയ്തു. ഈ കള്ളപ്പണം എവിടെ നിന്ന് വരുന്നു? പാവപ്പെട്ട ജനങ്ങളുടെ രക്ഷകര്‍ ഇവരാണ്. ആദായ നികുതി ഉദ്യോഗസ്ഥര്‍ എവിടെയാണെന്നും കുമാരസ്വാമി ചോദിച്ചു. ജനങ്ങള്‍ക്ക് 15ലക്ഷം നല്‍കാമെന്ന് പറഞ്ഞ് പരാജയപ്പെട്ട മോദിയാണോ തന്റെ എം.എല്‍.എമാര്‍ക്ക് 100കോടി നല്‍കാമെന്ന് പറയുന്നതെന്നും കുമാരസ്വാമി ചോദിച്ചു.