X

കോന്നി ദുരന്തം ഡ്രൈവറുടെ അശ്രദ്ധയെന്ന് പോലിസ്

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് മരിച്ച സംഭവത്തിൽ ദുരന്തകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പോലിസ്. മധുവിധുവിന് മലേഷ്യയിൽ പോയതിന് ശേഷം മടങ്ങിയെത്തിയ അനുവിനെയും നിഖിലിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കുട്ടികൊണ്ടുവരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തിൽ പോലീസിന്റെ പ്രതികരണം ഇങ്ങനെ ‘കാറുകാരന്റെ അശ്രദ്ധയാണ് അപകടത്തിന് പിന്നില്‍. രാവിലെ നാല് മണിക്കായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്നു കാര്‍. ഹണിമൂണിന് പോയ മക്കളെ വിമാനത്താവളത്തില്‍ നിന്നും കൂട്ടി വരികയായിരുന്നു. മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്. മരിച്ച സ്ത്രീയുടെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലാണുള്ളത്’.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിരം അപകട മേഖലയിൽ വീട്ടിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പൻ മത്തായി. കഴിഞ്ഞ നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ​ഹം. ഇവരിൽ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്.

അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. അനുവിന്റെ അച്ഛന്‍ ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും.

 

webdesk14: