പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു പരാമര്‍ശവുമായി ഷിന്‍ഡെ വിഭാഗം ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ്. കോണ്‍ഗ്രസിനെ നായ്ക്കള്‍ എന്ന് വിളിക്കുകയും തന്റെ പരിപാടിയിലേക്ക് കയറി വരുന്ന കോണ്‍ഗ്രസുകാരെ കൊന്നുകുഴിച്ചുമൂടുമെന്നും പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പം ഗെയ്ക്‌വാദ് പങ്കെടുക്കുന്ന പരിപാടിയെ സംബന്ധിച്ചായിരുന്നു പരാമര്‍ശം.
രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഗെയ്ക്‌വാദിനെതിരെ ബുല്‍ദാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.