പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കത്ത് അയക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും പുറത്തായതാണ് കുഴപ്പമെന്നും കെ സുധാകരൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപു പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമതീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം.
ഷാഫിയാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ പേര് പറഞ്ഞതെന്നും അതിനെന്താ തെറ്റെന്നും കെ സുധാകരൻ ചോദിച്ചു. പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് കോൺഗ്രസുകാരെന്ന് അദ്ദേഹം പറഞ്ഞു. മുരളീധരന്റെ പേരിനെക്കാൾ രാഹുലിന്റെ പേരാണ് ഉയർന്ന് വന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പല പേരുകളും കെപിസിസി ചർച്ച ചെയ്തിട്ടുണ്ട്. അതൊന്നും ഇപ്പോൾ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അതെല്ലാം പാർട്ടിക്കകത്തെ കാര്യമാണെന്ന് സുധാകരൻ പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം എഴുപതുകളില്‍ തുടങ്ങിയതാണ്. അതിലെ ഒരേട് മാത്രമാണ് 1991ല്‍ ബിജെപി സഹായം അഭ്യർഥിച്ചുള്ള സിപിഎം നേതൃത്വത്തിന്റെ ഇപ്പോള്‍ പുറത്തുവന്ന കത്ത്. 1970ല്‍ കൂത്തുപറമ്പില്‍ ബിജെപി വോട്ട് വാങ്ങി എംഎല്‍എയായ വ്യക്തിയാണ് പിണറായി വിജയന്‍. 1977ലും അദ്ദേഹം ബിജെപിയുടെ സഹായത്തോടെ മത്സരിച്ചു. അതെല്ലാം മറച്ചുവച്ചാണ് ഒരു നാണവുമില്ലാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പിണറായി പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിനു സംഘടനാ പ്രവര്‍ത്തനവും സാമൂഹ്യസേവനവും നടത്താന്‍ ബിജെപിയുടെ സഹായം വേണ്ട.