തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് റെയില്‍വെ താല്‍കാലിക ജീവനക്കാരന്‍ ജോയി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ആരോഗ്യരംഗം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘മാലിന്യപ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ ഗൗരവകരമായി ഉന്നയിച്ച സമയത്ത് സര്‍ക്കാര്‍ പരിഹസിക്കുകയാണ് ചെയ്തത്. മഴക്കാലപൂര്‍വ്വ ശുചീകരണം നടന്നിട്ടില്ല. കേരളത്തില്‍ മാലിന്യനീക്കം നടക്കുന്നില്ല. ജോയിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എത്ര ടണ്‍ മാലിന്യമാണ് അവിടെനിന്ന് നീക്കിയത്. റെയില്‍വെയും കോര്‍പ്പറേഷനും തമ്മില്‍ സംഘര്‍ഷമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അവിടെ നോക്കുകുത്തിയാവുകയാണ്’, വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തുടനീളം മാലിന്യനീക്കം സ്തംഭിച്ചു. അതിന്റെ ഭാഗമായി വ്യാപകമായി പകര്‍ച്ചവ്യാധികള്‍ പടരുകയാണ്. നിയമസഭയില്‍ ഈ പ്രശ്‌നങ്ങളെല്ലാം പ്രതിപക്ഷം ഉന്നയിച്ചു. സാധാരണ സംഭവിക്കുന്നതാണെന്നായിരുന്നു മറുപടി. അപകടകരമായ നിലയിലേക്ക് കേരളം പോകുന്നുവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. കേരളം ഇതുവരെ കേട്ടിട്ടുകൂടിയില്ലാത്ത പകര്‍ച്ചവ്യാധിയാണ് ഉണ്ടാകുന്നത്. 150ഓളം ആളുകള്‍ പകര്‍ച്ചവ്യാധി മൂലം മരിച്ചു.
വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണം. മെഡിക്കല്‍ കോളേജില്‍ രോഗി കുടുങ്ങിക്കിടന്നിട്ട് കൂടി ആരും അറിഞ്ഞില്ല. ആരോഗ്യരംഗത്ത് ഏറെ നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങളെന്നും വി ഡി സതീശന്‍ ആരോപിച്ചു.