X
    Categories: indiaNews

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്നു ചേരും. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വൈകീട്ട് നാലു മണിക്കാണ് യോഗം. തിരഞ്ഞെടുപ്പ് തോല്‍വി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പ്രവര്‍ത്തക സമിതിയില്‍ 51 അംഗങ്ങളാണുള്ളത്. ഇവരെല്ലാവരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പരാജയത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കും. അവരുടെ റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ചചെയ്യും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരേ വലിയ ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സെപ്തംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിരം അധ്യക്ഷനില്ലാതെ ഇനിയും മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന കടുത്ത വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷനാകേണ്ട കാര്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും. ദേശീയ നേതൃത്വത്തിനെതിരേയുള്ള വിമര്‍ശനങ്ങള്‍ സംബന്ധിച്ചും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടായേക്കും.

സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഗുലാം നബി ആസാദിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന ജി23 നേതാക്കളുടെ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിരുന്നു. നിലവില്‍ ഗാന്ധി കുടുംബം മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുലകള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. എല്ലാ ഭാരവാഹികളെയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം എന്നതടക്കമുള്ള കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാനും ജി 23 നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്.

Test User: