ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്ന് സൂചന. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വൈകുന്നേരം യോഗം ചേരും. നേരത്ത ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റിനായി ഇടതുപക്ഷം നീക്കം നടത്തിയാല്‍ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റിന് ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ചര്‍ച്ചക്കൊരുങ്ങുന്നത്.
സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്നു എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ പരാതി. ഇതോടൊപ്പം മെഡിക്കല്‍ കോഴ വിവാദത്തിലും ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങളില്‍ പ്രശ്‌നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ യെച്ചൂരി പ്രതിപക്ഷ പാര്‍ടികളുമായി ഒരുവട്ടം ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നായിരുന്നു നേരത്തെ വന്നിരുന്ന സൂചനകള്‍. സിബിഐ കോടതി ജഡ്ജി ലോയയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തിരുന്നു.