X
    Categories: indiaNews

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരി

ന്യൂഡല്‍ഹി: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി കോണ്‍ഗ്രസ്. കര്‍ഷക രോഷത്തില്‍ ബി.ജെ.പിയും അടുത്തിടെ മാത്രം എന്‍.ഡി.എ വിട്ട സഖ്യ കക്ഷി ശിരോമണി അകാലിദളും വെന്ത് വെണ്ണീറായപ്പോള്‍ വലിയ പ്രതീക്ഷകള്‍ പുലര്‍ത്തിയ ആം ആദ്മി പാര്‍ട്ടിക്കും അടിതെറ്റി.

സംസ്ഥാനത്തെ എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ആറെണ്ണവും കോണ്‍ഗ്രസ് തൂത്തുവാരി. ഒരിടത്ത് ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും കോണ്‍ഗ്രസ് തന്നെ വലിയ ഒറ്റകക്ഷിയായി.

അബോഹാര്‍ കോര്‍പ്പറേഷനില്‍ ആകെയുള്ള 50 സീറ്റില്‍ 49 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. ബതിന്ദയില്‍ 50ല്‍ 43 സീറ്റും ഹോഷിയാര്‍പൂരില്‍ 50ല്‍ 41ഉം കപൂപര്‍ത്തലയില്‍ 50ല്‍ 43ഉം സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബി.ജെ.പിക്ക് വലിയ ആധിപത്യമുള്ള പത്താന്‍കോട്ടും 50ല്‍ 37 സീറ്റുമായി കോണ്‍ഗ്രസ് പിടിച്ചു. ബട്ടലയിലും 35 സീറ്റുമായി കോണ്‍ഗ്രസ് അധികാരം നേടി. രണ്ട് വാര്‍ഡുകളില്‍ റീപോളിങ് നടക്കുന്ന മൊഹാലിലെ വോട്ടെണ്ണല്‍ ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. മോഗയില്‍ മാത്രമാണ് കോണ്‍ഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നത്. എങ്കിലും ഇവിടേയും 50ല്‍ 20 സീറ്റ് നേടി വലിയ ഒറ്റകക്ഷിയായി. 15 സീറ്റ് നേടിയ എസ്.എ.ഡിയാണ് രണ്ടാം സ്ഥാനത്ത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: