X

ജയിച്ചത് കോണ്‍ഗ്രസ്- എഡിറ്റോറിയല്‍

അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പുതിയ ഉണര്‍വാണ് ലഭിച്ചിരിക്കുന്നത്. 137 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദവിയിലെത്തുന്ന ആറാമത്തെയാളായി എണ്‍പതുകാരനായ മല്ലിഖാര്‍ജുന ഖാര്‍ഗെ മാറുമ്പോള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഉജ്വല പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച്ചവെച്ചിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്ന ആര്‍ക്കും അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാമെന്ന നിബന്ധനയില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രക്രിയ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതുവരെ അതിന്റെ സുതാര്യത കാത്തു സൂക്ഷിച്ചു. ഇത് കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല, ആ പാര്‍ട്ടി നിലില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകള്‍ക്കും പ്രതീക്ഷയും ആവേശവും നല്‍കുന്നതാണ്. നീണ്ട ഇടവേളക്കു ശേഷം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കോണ്‍ഗ്രസിലേക്ക് തിരിയുന്നതിനും എതിരാളികള്‍പോലും താല്‍പര്യത്തോടെ പാര്‍ട്ടിയെ വീക്ഷിക്കുന്നതിനുംവരെ ഈ തിരഞ്ഞെടുപ്പ് ഇട നല്‍കി. കാലങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് എന്ന മുറവിളിക്ക് ചെവികൊടുക്കുന്നതിന് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നതിനും സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഏറ്റവും അനിവാര്യമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നകാര്യത്തില്‍ ഫാസിസ്റ്റുകളൊഴികെ എല്ലാ വിഭാഗം ജനങ്ങളും ഏകാഭിപ്രായക്കാരാണ്. ഭിന്നിപ്പിന്റെ ശക്തികളെ പിടിച്ചുകെട്ടണമെങ്കില്‍ രാജ്യം മുഴുവന്‍ വേരുകളുള്ള കോണ്‍ഗ്രസ് തന്നെ മുന്നില്‍ നിന്നു നയിക്കണം. ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ അവസാനിച്ച സി.പി.ഐപാര്‍ട്ടി കോണ്‍ഗ്രസ് പോലും ഈ വികാരമാണ് ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്രയുടെ സ്വീകാര്യതയും തെളിയിക്കുന്നത് മാറ്റൊന്നല്ല. മതേതര വിശ്വാസികളുടെ ഈ പ്രതീക്ഷകള്‍ക്ക് ഇപ്പോള്‍ നിറം പകര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പ്രത്യേക സ്ഥാനാര്‍ത്ഥിയില്ലെന്ന പ്രഖ്യാപനത്തിലൂടെ സോണിയയും പാര്‍ട്ടിയില്‍ തന്റെ സ്ഥാനം ഇനി ഖാര്‍ഗെ തീരുമാനിക്കുമെന്ന പ്രസ്താവനയിലൂടെ രാഹുലും ഗാന്ധികുടുംബത്തിന്റെ നിഷ്പക്ഷതയും നിസ്വാര്‍ത്ഥതയുമാണ് പ്രകടമാക്കിയത്. പ്രചരണ രംഗത്ത് അനാവശ്യ വിവാദങ്ങളിലേക്ക് നീങ്ങാതെ സ്ഥാനാര്‍ത്ഥികളും പക്വമായ ഇടപെടലിലൂടെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാതൃക കാട്ടുകയും ചെയ്തു.

പോള്‍ ചെയ്ത 9383 ല്‍ 7897 വോട്ടുകള്‍ നേടിയ ഖാര്‍ഗെക്ക് ലഭിച്ചത് പതിറ്റാണ്ടുകള്‍ നീണ്ട നിസ്വാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. താഴെ തട്ടില്‍നിന്ന് കഠിനാദ്ധ്വാത്തിലൂടെ ഉന്നത നേതൃത്വത്തിലെത്തിയ അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പലതും അകന്നുപോയിട്ടുണ്ട്. മൂന്നുതവണ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം കൈവെള്ളയില്‍ നിന്ന് വഴുതിപ്പോയപ്പോഴും വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും പാര്‍ട്ടിക്ക് ഒരു പ്രയാസം സൃഷ്ടിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. നീണ്ടകാലത്തെ പൊതു പ്രവത്തനത്തിനിടയില്‍ ആശ്രിത വത്സന്‍മാരെയോ ഉപജാപക സംഘത്തെയോ സൃഷ്ടിക്കാന്‍ അദ്ദേഹം തുനിഞ്ഞിട്ടില്ല. തെളിഞ്ഞ വഴികളിലൂടെയുള്ള ഈ സഞ്ചാരം തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തെ നയിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യതയും. രാജ്യ സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രകടമാക്കിയ പോരാട്ട വീര്യം മതേതരത്വത്തോടുള്ള തന്റെ പ്രതിബദ്ധത വിളംബരം ചെയ്യുന്നതാണ്.

മത്സരത്തിനിറങ്ങാനുള്ള ശശി തരൂരിന്റെ തീരുമാനം പാര്‍ട്ടിക്ക് നല്‍കിയ ഉന്മേശം ചെറുതല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇത്രയും ശ്രദ്ധേയമാക്കുന്നതിലും കുറ്റമറ്റതാക്കുന്നതിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ പങ്കുണ്ട്. 1072 വോട്ട്, ചുരുങ്ങിയ കാലയളവു കൊണ്ട് കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും തരൂരുണ്ടാക്കിയ സ്വാധീനത്തിന്റെ തെളിവാണ്. കക്ഷി രാഷ്ട്രീയത്തിതീതമായി സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിനുവേണ്ടി ഉയര്‍ന്ന ശബ്ദങ്ങളും കാണാതിരിക്കാനും അവഗണിച്ചു തള്ളാനും കഴിയുന്നതല്ല. വിജയിച്ച ഖാര്‍ഗെയും കഴിവുതെളിയിച്ച തരൂരും ഉയര്‍ത്തിപ്പിടിക്കുന്നത് കോണ്‍ഗ്രസിന്റെ കരുത്താണ്. 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന വിശ്വാസമാണ് ഈ നേര്‍ക്കുനേര്‍ പോരാട്ടം ജനിപ്പിച്ചിരിക്കുന്നത്. തിരിച്ചടികളില്‍ നിന്നും തളര്‍ച്ചയില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ ചരിത്രം ഒരുപാട് പങ്കുവെക്കാനുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അധ്യക്ഷ തിരഞ്ഞെടുപ്പും അനുബന്ധമായി രൂപപ്പെട്ട അനുകൂല സാഹചര്യവും വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമായി മാറട്ടേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം.

Test User: