ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്‌നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തിന്‍ ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍ നടക്കും. രാജസ്ഥാനിലെ ഉദയ്പൂരില്‍ മെയ് 13,14,15 തീയതികളിലാണ് ചിന്തന്‍ ശിബിര്‍. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് പരിപാടിക്ക് അന്തിമരൂപം നല്‍കിയത്. 2024-ലെ പൊതുതിരഞ്ഞെടുപ്പിനായി ഒരു എംപവര്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനായി സമര്‍പ്പിച്ച പദ്ധതിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ ഉന്നതതലയോഗം വിശദമായ ചര്‍ച്ച നടത്തിയെന്നും സുര്‍ജേവാല അറിയിച്ചു. എ.കെ.ആന്റണി, പി.ചിദംബരം, കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കാനാവുന്നതും ഉപകാരപ്രദവുമാണെന്ന് യോഗം വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ഉദയ്പൂരില്‍ ചേരുന്ന ചിന്തന്‍ ശിബിരിന് പാര്‍ട്ടി ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ചിന്തന്‍ ശിബിറില്‍ ചര്‍ച്ച ചെയ്യേണ്ട വിവിധ വിഷയങ്ങള്‍ ക്രോഡീകരിക്കാന്‍ സോണിയാ ഗാന്ധി വിവിധ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
രാജസ്ഥാന്‍ പിസിസിയുടെ നേതൃത്വത്തില്‍ ക്യാംപിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും ചിന്തന്‍ ശിബിര്‍ നടക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പാര്‍ട്ടി ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങി രാജ്യത്തെ നാനൂറോളം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. സംഘടനാ പ്രശ്‌നങ്ങളും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ കൂടാതെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങളും ചിന്തന്‍ ശിബിറില്‍ ചര്‍ച്ചയാവും. ഭാഷാ ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളും ചിന്തന്‍ ശിബിര്‍ ചര്‍ച്ച ചെയ്യും. അതേ സമയം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ പ്രശാന്തി കിഷോര്‍ എംപവര്‍ കമ്മിറ്റിയില്‍ എത്തിയേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.