X

ഉപതെരഞ്ഞെടുപ്പ്: പഞ്ചാബിലും കോണ്‍ഗ്രസിന് മിന്നും ജയം, അകാലിദളിന്റെ സീറ്റ് പിടിച്ചെടുത്തു

ലുധിയാന: പഞ്ചാബിലെ ഷാഹ്‌കോട്ട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം. അകാലിദളിന്റെ സിറ്റിങ് സീറ്റില്‍ ഹര്‍ദേവ് സിങിലൂടെ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. അകാലിദള്‍ എം.എല്‍.എയായിരുന്ന അജിത് സിങ് കോഹറിന്റെ മരണത്തെ തുടര്‍ന്നാണ് ഷാഹ്‌കോട്ട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുന്‍ മന്ത്രിയും അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത അജിത് സിങിന്റെ മകന്‍ നായിബ് സിങ് ആയിരുന്നു  അകാലിദള്‍ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന്റെ ഹര്‍ദേവ് സിങ് 38801 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുകയായിരുന്നു

പിതാവിന് തുടര്‍ച്ചയായി വിജയം സമ്മാനിച്ച ഷാഹ്‌കോട്ട് മണ്ഡലം തന്നെയും കൈവിടില്ലെന്ന പ്രതീക്ഷയിലിറങ്ങിയ നായിബ് സിങിനെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് മലര്‍ത്തിയടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നയങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം.

അതേസമയം കര്‍ണാടകയിലെ ആര്‍.ആര്‍ നഗറിലും മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തിലും നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തില്‍ മുന്‍മുഖ്യമന്ത്രി മുകുള്‍ സാഗ്മയുടെ മകള്‍ മിയാനി ഡി ഷിര 3191 വോട്ടുകള്‍ക്കാണ് നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയുടെ ക്‌ലെമന്റ് ജി മോമിനിനെ തോല്‍പ്പിച്ചത്. ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം 41000 വോട്ടുകളാണ്. മുനിരത്‌നയാണ് ഇവിടെ നിന്നും നിയമസഭയിലെത്തിയത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രദേശത്തെ ഫഌറ്റില്‍ നിന്നും വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍.ആര്‍ നഗറില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

chandrika: