X

ബി.ജെ.പിയെ തുരത്തണം വിശാല സംഖ്യത്തിന് സോണിയയുടെ ആഹ്വാനം

 

2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ തകര്‍ച്ച ഉറപ്പു വരുത്താനും ഇന്ത്യയുടെ നല്ല നാളുകള്‍ തിരിച്ചുപിടിക്കാനും വിശാല സംഖ്യത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി നേതാവ് സോണിയ ഗാന്ധി. ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത സാമ്പത്തിക പുരോഗതി തുടങ്ങി എല്ലാമേഖലകളിലും ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ സാധിക്കണം. ഇതിന് വിശാല സംഖ്യം രൂപപ്പെടല്‍ അനിവാര്യമാണെന്നും സോണിയ പറഞ്ഞു.

ഗുജറാത്തിലെയും രാജസ്ഥാനിലെയും പാര്‍ട്ടിയുടെ ഉജ്ജ്വല പ്രകടനത്തില്‍ നിന്നും മാറ്റത്തിന്റെ ശക്തമായ സൂചനകളാണ് ലഭിക്കുന്നത്. താനും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു സഹപ്രവര്‍ത്തകരും സമാന മനസ്‌കരായ ഇതര രാഷ്ട്രീയ കക്ഷികളുമായ ചര്‍ച്ചയിലാണ്. അടുത്ത തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.

പാര്‍ട്ടിയുടെ നേതാക്കളോടും പ്രവര്‍ത്തകരോടും ലോക്‌സഭാ തെരെഞ്ഞെടുപ്പിനായി ഒരുങ്ങാനും സോണിയ ആവശ്യപ്പെട്ടു. ഗുജറാത്തിലും രാജസ്ഥാനിലും വളരെ കടുത്ത സാഹചര്യങ്ങളായിരുന്നിട്ടു പോലും വലിയ ഫലമാണ് പാര്‍ട്ടിക്ക് ഉണ്ടാക്കാന്‍ സാധിച്ചത്. ഇത് മാറ്റം വരുന്നു എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. കര്‍ണ്ണാടകയിലും കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനത്തിന് അടിവരയിടുന്ന ഫലമായിരിക്കും പുറത്തു വരികയെന്ന് തനിക്കുറപ്പുണ്ടെന്നും സോണിയ പറഞ്ഞു.

പ്രധാനമന്ത്രിയുടെ നാട്ടില്‍ 182 സീറ്റില്‍ 80 സീറ്റും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സംഖ്യത്തിന് സാധിച്ചു. രാജസ്ഥാനില്‍ ബി.ജെ.പി ഭരിച്ചിരുന്ന രണ്ടു ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസ്സ് പിടിച്ചെടുത്തു.

മോദി സര്‍ക്കാറിന്റെ പരാജയങ്ങളെ ക്രിയാത്മകവും വിശ്വസനീയവുമായ രീതിയില്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കണമെന്ന് തന്റെ പ്രസംഗത്തിനിടയില്‍ സോണിയ ഊന്നി പറയുന്നുണ്ടായിരുന്നു. പരമാവധി പരസ്യവും കുറഞ്ഞ ഭരണവുമാണ് മോദി സര്‍ക്കാറിന്റെ മുഖമുദ്രയെന്നും സോണിയ പരിഹസിച്ചു. ഇന്ത്യാ രാജ്യം 2014 നു മുമ്പ് ഒന്നും നേടിയിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു. മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും എത്രയോ അകലെയാണെന്നാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്. അവര്‍ സഞ്ചരിക്കുന്നത് അവരുടേതായ അജണ്ടകളിലൂടെയും വ്യാജ പ്രചരണങ്ങളിലൂടെയുമാണ്. മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം മാത്രം മതി ഇതിന്റെ തെളിവായിട്ടെന്ന് സോണിയ പറഞ്ഞു.

chandrika: