ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ബ്രിട്ടീഷ് കമ്പനി നടത്തിയ സര്‍വേ അടിസ്ഥാനമാക്കി യു.എസ് വെബ്‌സൈറ്റിന്റെ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയത കുത്തനെ ഇടിഞ്ഞതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത വലിയ തോതില്‍ വര്‍ധിച്ചതായും വെബ്‌സൈറ്റ് പറയുന്നു. അഞ്ചു വര്‍ഷത്തെ കേന്ദ്ര ഭരണവും സാമ്പത്തിക രംഗത്തെ പരാജയങ്ങളും ജനവിധിയില്‍ പ്രതിഫലിക്കുമെന്നും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേകള്‍ പുറത്തുവിടുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെ, ഈ മാസം 27നാണ് മീഡിയം.കോം എന്ന യു.എസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
20,500 പേരാണ് ബ്രിട്ടീഷ് കമ്പനി നടത്തിയ സര്‍വേയില്‍ പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം എന്നാണ് സര്‍വേ നടത്തിയതെന്നോ സര്‍വേ നടത്തിയ കമ്പനിയുടെ പേരോ റിപ്പോര്‍ട്ടില്‍ ഇല്ല എന്നത് പ്രവചനത്തിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുന്നതാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 52 ശതമാനം പേര്‍ പുരുഷന്മാരും 48 ശതമാനം പേര്‍ സ്ത്രീകളും ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലൊട്ടാകെ 24 സംസ്ഥാനങ്ങളില്‍നിന്നാണ് ഇതിനായി അഭിപ്രായങ്ങള്‍ സ്വരൂപീച്ചത്. സര്‍വേ പ്രകാരം കോണ്‍ഗ്രസ് 213 സീറ്റു നേടുമെന്നും ബി.ജെ.പി 170 സീറ്റില്‍ ഒതുങ്ങുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് 39 ശതമാനം വോട്ടു ലഭിക്കും. ബി.ജെ.പിക്ക് 31 ശതമാനവും. മറ്റു കക്ഷികളെല്ലാം കൂടി 30 ശതമാനം വോട്ടു നേടുകയും 160 സീറ്റുകളില്‍ വിജയിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവചനം ഫലിച്ചാല്‍ കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്. 273 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസ് തനിച്ച് 213 സീറ്റ് നേടിയാല്‍ യു.പി.എ ഘടകക്ഷികളുടെ കൂടി സീറ്റിന്റെ ബലത്തില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും.
വര്‍ധിച്ചുവരുന്ന ജീവിത ചെലവ്, തൊഴിലില്ലായ്മ, നോട്ടു നിരോധനം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി എന്നിവയാണ് നിലവിലെ സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ തരംഗത്തിന്റെ മുഖ്യ കാരണങ്ങളെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, ഭവനപദ്ധതികള്‍ എന്നിവയും പ്രധാന ആശങ്കാ വിഷയമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന, യാത്ര, ചരക്കുകടത്ത് കൂലിയിലെ വര്‍ധന, ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാറിന്റെ സമീപനം എന്നിവയാണ് ജനവിധിയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളെന്നും റിപ്പോര്‍ട്ട് പറയുന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തനിച്ച് 282 സീറ്റാണ് നേടിയിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി 44 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.
തിടുക്കപ്പെട്ട് നോട്ടു നിരോധനം പ്രഖ്യാപിച്ചതും അഞ്ചുവര്‍ഷ ഭരണത്തിലുടനീളം നിലനിര്‍ത്തിയ ഏകാധിപത്യ പ്രവണതയും സാമ്പത്തിക രംഗത്തുണ്ടായ തളര്‍ച്ചയും തൊഴിലില്ലായ്മ വര്‍ധിച്ചതുമാണ് മോദിയുടെ ജനപ്രീതി ഇടിയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
ഐക്യത്തിന്റെ രാഷ്ട്രീയം, എല്ലാവരേയും ഉള്‍കൊള്ളാനുള്ള കഴിവ് എന്നിവയാണ് രാഹുലിന്റെ ജനപ്രീതി ഉയരാന്‍ കാരണം. ഇതിനൊപ്പം പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ഇന്ത്യന്‍ സാമ്പത്തിക, സാമൂഹിക മേഖല ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുളള സമഗ്ര പരിഹാരം നിര്‍ദേശിക്കുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രിക എന്നിവ കോണ്‍ഗ്രസിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
കോണ്‍ഗ്രസിന് 213 സീറ്റ്; യു.പി.എ അധികാരത്തിലെത്തുമെന്ന് യു.എസ് സര്‍വേ റിപ്പോര്‍ട്ട്
Tags: loksabha election 2019