ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം നടക്കുന്നതിനിടെ രാജ്യത്തെ സ്ത്രീകളെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന പദ്ധതികളുമായാണ് സോണിയ വീഡിയോ വഴി സന്ദേശം നല്‍കിയത്.
സ്വാതന്ത്ര്യസമരത്തിലും ആധുനിക ഇന്ത്യയുടെ സൃഷ്ടിയിലും സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ പ്രശംസനീയമാണ്. തങ്ങളുടെ പാര്‍ട്ടി അങ്ങനെയുള്ള സ്ത്രീകള്‍ക്കൊപ്പമാണ്. പ്രയാസകരമായ സമയങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അവരുടെ മോശം അവസ്ഥയെ മാറ്റിയെടുക്കുമെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് കടുത്ത വിലക്കയറ്റത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് മഹാലക്ഷ്മി പദ്ധതി ആരംഭിക്കുമെന്നും സോണിയ പറഞ്ഞു.
” മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബത്തിലെ സ്ത്രീക്ക് ഓരോ വര്‍ഷവും ഒരു ലക്ഷം രൂപ നല്‍കും. ഞങ്ങളുടെ ഉറപ്പുകള്‍ ഇതിനകം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെയും തെലങ്കാനയിലെയും കോടിക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ കോണ്‍ഗ്രസ് ശാക്തീകരിച്ചു ‘. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും പുതിയ ഉറപ്പാണ് മഹാലക്ഷ്മിയെന്നും സോണിയ ഗാന്ധി പറഞ്ഞു.
കര്‍ണാടകയിലെ ഗൃഹലക്ഷ്മി പദ്ധതിക്ക് ശേഷം കോണ്‍ഗ്രസിന്റെ അഞ്ച് ഉറപ്പുകളില്‍ ഒന്നാണ് മഹാലക്ഷ്മി. സോണിയയുടെ വീഡിയോ രാഹുല്‍ ഗാന്ധിയും എക്‌സില്‍ പങ്കുവെച്ചു. ‘നിങ്ങളുടെ ഒരു വോട്ട് പ്രതിവര്‍ഷം നിങ്ങളുടെ അക്കൗണ്ടിലെത്തുന്ന ഒരു ലക്ഷം രൂപയ്ക്ക് തുല്യമാണ്.’കടുത്ത പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയില്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് മഹാലക്ഷ്മി പദ്ധതി വലിയ ആശ്വാസമാകുെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മാസവും 8,500 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതോടെ, ഇന്ത്യയിലെ സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസത്തില്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍, ”നുണകളുടെയും വിദ്വേഷത്തിന്റെയും വക്താക്കളെ തള്ളിക്കളയാനും” ശോഭനവും തുല്യവുമായ ഭാവിക്കായി കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാനും സോണിയാ ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അധികാരം നേടുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചിരുന്നു.
ശാരീരിക അവശതകള്‍ നേരിടുന്ന സോണിയ ഇത്തവണ ഓണ്‍ലൈനായാണ് പ്രചരണം നടത്തുന്നത്. 25 വര്‍ഷത്തോളം ലോക്സഭാംഗമായി സേവനമനുഷ്ഠിച്ച സോണിയാ ഗാന്ധി ആരോഗ്യവും പ്രായാധിക്യവും കാരണം ഈ വര്‍ഷമാണ് രാജ്യസഭയിലേക്ക് മാറിയത്.