ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നതോടെ കോൺഗ്രസ് ഉന്നത നേതൃത്വം വീണ്ടും യോഗം ചേരുന്നു. അവസാന ശ്രമമെന്ന മട്ടിൽ രാഹുലിനെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുക, വിജയം കണ്ടില്ലെങ്കിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളാരംഭിക്കുക എന്നിവയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതിയിലാണ് താൻ രാജിവെക്കുകയാണെന്ന കാര്യം രാഹുൽ മറ്റുനേതാക്കളെ അറിയിച്ചത്. അമ്മയും യു.പി.എ അധ്യക്ഷയുമായ സോണിയ ഗാന്ധിയടക്കമുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാഹുൽ തീരുമാനത്തിൽ ഉറച്ചുതന്നെ നിൽക്കുകയാണെന്നാണ് സൂചന. എന്നാൽ, പുറത്തുവരുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ തുടരുമെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവർ അറിയിച്ചിട്ടുണ്ട്.
തന്റെ രാജിക്കു പുറമെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടത് കോൺഗ്രസിൽ അനിശ്ചിതത്വങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. സച്ചിൻ പൈലറ്റ്, ശശി തരൂർ, എ.കെ ആന്റണി എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാവർക്കും സ്വീകാര്യനെന്ന നിലയിൽ ശശി തരൂറിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിൽ ആരും പരസ്യമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് നെഹ്‌റു കുടുംബത്തിനു കീഴിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള സീതാറാം കേസരി പ്രസിഡണ്ടായെങ്കിലും പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനങ്ങൾ ആശാവഹമായിരുന്നു. ഒടുവിൽ സോണിയ ഗാന്ധി അധ്യക്ഷപദവി ഏറ്റതിനു ശേഷമാണ് ഒമ്പത് വർഷങ്ങളുടെ ഇടവേളക്കു ശേഷം കോൺഗ്രസ് നയിക്കുന്ന സർക്കാർ 2004-ൽ നിലവിൽ വന്നത്. 2009-ലും സോണിയ പാർട്ടിയെ വിജയത്തിലേക്കു നയിച്ചു.