X
    Categories: indiaNews

ബി.ജെ.പി ഫേസ്ബുക്ക് ബന്ധം; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രചരണങ്ങളോട് പ്രതികരിക്കാറില്ലെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു.

ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികള്‍ സ്വീകരിക്കുന്ന നയങ്ങളില്‍ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.2014 തൊട്ട് ഫേസ്ബുക്കില്‍ വന്നിട്ടുള്ള വിദ്വേഷപോസ്റ്റുകളില്‍ എന്ത് നടപടിയാണ് ഫേസ്ബുക്ക് സ്വീകരിച്ചതെന്ന് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ നേരത്തെ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ തുടങ്ങിയ നേതാക്കളും ഫേസ്ബുക്കിനെതിരെ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസും സി.പിഎമ്മും വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അങ്കി ദാസിനെതിരെ കേസെടുത്തു. റായ്പ്പൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. വര്‍ഗീയവിദ്വേഷ പ്രചരണങ്ങള്‍ക്ക് ഫേസ്ബുക്ക് വേദിയൊരുക്കി എന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഡല്‍ഹി കലാപത്തിലേക്കടക്കം നയിച്ച വര്‍ഗീയവിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ഫേസ് ബുക്ക് വേദിയാക്കി എന്ന് ചൂണ്ടിക്കാട്ടി റായ്പ്പൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ അവേഷ് തിവാരി നല്‍കിയ പരാതിയിലാണ് കേസ്.

chandrika: