X
    Categories: CultureMoreViews

ഗോവ, മേഘാലയ, മണിപ്പൂര്‍, ബീഹാര്‍: കര്‍ണാടകക്ക് പകരം നാല് സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഗവര്‍ണറെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് മറുപടിയായി നാല് സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ന്യായീകരണത്തില്‍ ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബീഹാറില്‍ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ഇവിടങ്ങളിലെല്ലാം ബി.ജെ.പിയുടെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാറുകളാണ് ഭരിക്കുന്നത്.

ഗോവയില്‍ കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് 17 എം.എല്‍.എമാരുണ്ട്. എന്നാല്‍ 13 എം.എല്‍.എമാരുള്ള ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് ഗോവ ഭരിക്കുന്നത്. മേഘാലയയില്‍ 21 സീറ്റുകളുള്ള കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ വെറും രണ്ട് സീറ്റുള്ള ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറാണ് മേഘാലയ ഭരിക്കുന്നത്. മണിപ്പൂരില്‍ 28 സീറ്റുകളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ 21 സീറ്റുകളുള്ള ബി.ജെ.പിയുടെ സഖ്യ സര്‍ക്കാറാണ് മണിപ്പൂരില്‍ ഭരണം നടത്തുന്നത്. ബീഹാറില്‍ 80 സീറ്റുകളുള്ള ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ബി.ജെ.പിയുടെ സഖ്യ സര്‍ക്കാറാണ് ഇവിടെ ഭരിക്കുന്നത്.

ഈ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഗവര്‍ണറെ കാണാനിരിക്കുകയാണ്. ഗോവയിലും ബീഹാറിലും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും നിര്‍ണായക തീരുമാനമുണ്ടാകും.

കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ന്യായീകരണത്തിലാണ് ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. സുപ്രീം കോടതിയും ഇത് ശരിവെക്കുകയാണ്. ഈ സാഹചര്യത്തിലാണ് അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും രംഗത്തിറങ്ങിയിരിക്കുന്നത്. കര്‍ണാടകയിലെ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി നാളെ രാവിലെ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടതിയെക്കൂടി സമ്മര്‍ദ്ദത്തിലാക്കുന്നതാണ് കോണ്‍ഗ്രസ് നീക്കം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: