തിരുവനന്തപുരം: നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. കോടിയേരിയുടെ വിവാദ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി സുരേഷ് ബാബു പറഞ്ഞു. പദവിക്കു നിരക്കാത്തതും അപക്വവമായ പ്രസ്താവന നടത്തിയ കോടിയേരി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലായിരുന്നു വിവാദ പ്രസ്താവന. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറിയെന്നും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം റിസര്‍വ് ചെയ്തിരിക്കുന്ന നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്നുമായിരുന്നു കോടിയേരി പ്രസംഗിച്ചത്.
നേരത്തെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം കോടിയേരിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ യോഗ്യതക്ക് ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടയെന്നായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.