X

ബി.ജെ.പിയെ തറപറ്റിക്കാന്‍ കൈരാന മോഡല്‍ മധ്യപ്രദേശിലും; വിശാലസഖ്യ നീക്കവുമായി കോണ്‍ഗ്രസ്

ഭോപ്പാല്‍: ബി.ജെ.പിയെ തറപറ്റിക്കാന്‍ കര്‍ണാടകയിലും കൈരാനയിലും പയറ്റി തെളിഞ്ഞ അടവു തന്ത്രം വീണ്ടും പുറത്തെടുക്കാന്‍ കോണ്‍ഗ്രസ്. കൈരാനയിലെ പോലെ മധ്യപ്രദേശിലും
വിശാലസഖ്യമുണ്ടാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ബി.എസ്.പിയും എസ്.പിയുമുള്‍പ്പെടെ പാര്‍ട്ടികളമായി തെരഞ്ഞെടുപ്പിനു മുമ്പേ സഖ്യമുണ്ടാക്കാന്‍ ഇതിനകം കോണ്‍ഗ്രസ് നേതൃത്വം നീക്കം ആരംഭിച്ചു കഴിഞ്ഞു.

ജെ.ഡി.എസുമായി ചേര്‍ന്ന് കര്‍ണാടകയില്‍ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും നേരത്തെ തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കാതിരുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം അപ്രതീക്ഷിത സഖ്യമുണ്ടാക്കിയതില്‍ വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിനു മുമ്പേ പ്രാദേശിക പാര്‍ട്ടികളെ ഒരു കുടക്കീഴിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

നാലു എം.എല്‍.എമാരുള്ള ബി.എസ്.പിയെ കൂട്ടുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ പ്രധാന ശ്രമം. എ.ഐ.സി.സിയുടെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ബി.എസ്.പിയുമായി ചര്‍ച്ചക്ക് നീക്കം നടക്കുന്നത്. എട്ടു ശതമാനത്തിന്റെ വോട്ടുവിഹിതമാണ് ബി.എസ്.പിക്കുള്ളത്.
ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

chandrika: