X

നാമനിര്‍ദേശ പത്രികയിലെ തെറ്റായ വിവരങ്ങള്‍: അമിത്ഷായുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശ പത്രികയില്‍ അമിത്ഷാ, മകന്‍ ജയ്ഷായുടെ ബിസിനസ് ഇടപാടുകളില്‍ വഹിച്ച പങ്കും വസ്തു പണയം വെച്ച് ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയും ചെയ്ത വിവരങ്ങള്‍ മറച്ചുവെച്ച വാര്‍ത്ത കാരവാന്‍ പുറത്തുവിട്ടിരുന്നു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപടി ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കുസും ഫിന്‍സെര്‍വ് എന്ന കമ്പനിക്ക് വേണ്ടി അമിത്ഷായുടെ ഉടമസ്ഥതയിലുള്ള വസ്തു ബാങ്കില്‍ പണയം വെച്ച് ലോണ്‍ നേടിയിരുന്നു. പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റിനീവബിള്‍ എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് വിന്‍ഡ് ഫാമിനെന്ന് പറഞ്ഞ് ച്ട്ടങ്ങള്‍ ലംഘിച്ച് ലോണ്‍ നേടി. ഗുജറാത്ത് ഇന്റസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് അത് പണയം വെച്ചും ബാങ്കില്‍ നിന്ന് വായ്പ നേടിയിട്ടുട്ടെന്നുമാണ് റിപ്പോര്‍ട്ടിലുളളത്. കമ്പനി 300 ശതമാനം ലാഭമാണ് 2017ല്‍ ഉണ്ടാക്കിയത്. ഇത്തരം വിവരങ്ങളൊന്നും നല്‍കാതെയാണ് അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

chandrika: