X
    Categories: indiaNews

ബിഹാര്‍ തോല്‍വി; ഒടുവില്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക്

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നേതാക്കള്‍ തമ്മില്‍ നടത്തിയ വാക് പോരുകള്‍ക്ക് അവസാനമാകുന്നു. വിഷയം രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയില്‍ വൈകാതെ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് അഖിലേഷ് പ്രസാദ് സിങ് രാഹുല്‍ ഗാന്ധിയെ സമീപിച്ചു.

‘കോണ്‍ഗ്രസ് സീറ്റുകള്‍ തെരഞ്ഞെടുത്തത് തെറ്റായിരുന്നു. തീരുമാനം എടുക്കും മുമ്പ് ആഴത്തിലുള്ള അപഗ്രഥനം വേണ്ടിയിരുന്നു. പാര്‍ട്ടി തിടുക്കത്തിലാണ് ഇക്കാര്യങ്ങള്‍ ചെയ്തത്’ – അഖിലേഷ് എന്‍ഡിടിവിയോട് പറഞ്ഞു.

‘ബിഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയിലെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. രാഹുല്‍ഗാന്ധിയോട് സമയം ചോദിച്ചിട്ടുണ്ട്. സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടും. ബ്ലോക്-ജില്ലാ തലങ്ങളിലാണ് പാര്‍ട്ടി ദുര്‍ബലമായി കിടക്കുന്നത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, പി ചിദംബരം എന്നിവര്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് പാര്‍ട്ടി ശക്തിപ്പെടുത്തണെന്നാണ് കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നത്. താഴേത്തട്ടില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്നു തെളിയിക്കുന്നതാണ് ബിഹാറിലെ ജനവിധി എന്നാണ് ചിദംബരം പറഞ്ഞിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 ഇടത്ത് മാത്രമാണ് ജയിച്ചിരുന്നത്.

Test User: