X

പുതുപ്പള്ളിയില്‍ ‘തൃക്കാക്കര മോഡല്‍’ പകര്‍ത്താന്‍ കോണ്‍ഗ്രസ്; നേതൃയോഗം ചേരും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ തൃക്കാക്കര മോഡല്‍ പകര്‍ത്താന്‍ കോണ്‍ഗ്രസ്. കല്ലുകടിയില്ലാതെ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച് ഉമ്മന്‍ചാണ്ടിയുടെ അഭാവത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേക പദ്ധതി തന്നെ തയാറാക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗമുണ്ടാക്കിയ കണ്ണുനീര്‍ ഉണങ്ങും മുന്‍പുള്ള ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വീഴരുതെന്നാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍, ഇടതുമുന്നണി കരുക്കല്‍ നീക്കിത്തുടങ്ങിയ പശ്ചാത്തലത്തില്‍ അതിവേഗം നടപടികളിലേക്ക് കടക്കും. പാര്‍ട്ടിയുടെ ദുഖാചരണം നാളെ അവസാനിക്കും. തിരുവനന്തപുരത്ത് ചേരുന്ന അനുശോചന യോഗത്തിന് ശേഷം നേതൃത്വം നാളെ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങും.

കുടുംബത്തില്‍ നിന്ന് പിന്‍ഗാമി വരണമെന്നത് അടക്കമുള്ള അണികളുടെ വികാരം പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുണ്ട്. പുതുപ്പള്ളിയില്‍ പാര്‍ട്ടി എന്നതിന് അപ്പുറം ഉമ്മന്‍ചാണ്ടിയെന്ന വികാരമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിരുന്നതെന്ന് നേതൃത്വം വിലയിരുത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ നടക്കുന്ന അനുശോചന യോഗങ്ങളിലൂടെ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്താനും ബലഹീനതകള്‍ പരിഹരിക്കാനുമുള്ള നീക്കങ്ങളിലേക്ക് കടക്കും. തൃക്കാക്കരയിലെ പോലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ മുന്‍തൂക്കമുണ്ടാക്കി മുന്നോട്ടുനീങ്ങുമെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്. ഇതിനായി നേതൃയോഗവും വൈകാതെ ചേരും.

 

webdesk13: