X
    Categories: CultureMoreViews

തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്; സുഷമാ സ്വരാജ് വെട്ടില്‍

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കരുനീക്കവുമായി കോണ്‍ഗ്രസ്. ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ മറച്ചുവെച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കോണ്‍ഗ്രസ് അവകാശലംഘനപ്രമേയം കൊണ്ടുവരും. രാജ്യസഭയേയും കൊല്ലപ്പെട്ടവരുടെ കുടുംബത്തേയും സുഷമ സ്വരാജ് തെറ്റിദ്ധരിപ്പിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അംബികാ സോണി ആരോപിച്ചു.

ചൊവ്വാഴ്ചയാണ് ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി സുഷമാ സ്വരാജ് രാജ്യസഭയെ അറിയിച്ചത്. 2014 ജൂണിലാണ് ഇവരെ കാണാതായത്. ഇതുവരെ കാണാതായവര്‍ സുരക്ഷിതരാണെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞിരുന്നത്. കാണാതായവരുടെ കുടുംബത്തെ സന്ദര്‍ശിച്ച സുഷമ അവര്‍ സുരക്ഷിതരാണെന്നറിയിച്ചിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിക്കാതെ പൗരന്‍മാര്‍ മരിച്ചുവെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നായിരുന്നു സുഷമ സ്വരാജിന്റെ വിശദീകരണം.

ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി കേബ്രിഡ്ജ് അനലറ്റിക്ക ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സുഷമക്കെതിരെ അവകാശലംഘനപ്രമേയം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: