X

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്. 21 ജില്ലകളില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.

ആറു ജില്ലാ പരിഷത്ത് വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് ഒരിടത്ത് മാത്രമാണ് വിജയിക്കാനായത്.

പഞ്ചായത്ത് സമിതിയിലെ 21 വാര്‍ഡുകളിലെ 12 എണ്ണത്തില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു. ബി.ജെ.പിക്ക് എട്ടു സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. നാലു സീറ്റുകള്‍ സ്വന്തമാക്കി മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് കരുത്ത് തെളിയിച്ചു.

അജ്മീര്‍, അല്‍വാര്‍ ലോകസഭാ മണ്ഡലങ്ങളിലേക്കും മാന്റല്‍ഗഡ് നിയമസഭാ സീറ്റുകളിലേക്കും കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
രാജ്സ്ഥാനില്‍ ബി.ജെ.പിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങിയെന്നും അതിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുമുണ്ടായ ബി.ജെ.പി മുന്നേറ്റം ഇനി ആവര്‍ത്തിക്കില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ കോണ്‍ഗ്രസ് വിജയം വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനും ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമായി പാര്‍ട്ടിക്ക് ഊര്‍ജം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2013നു ശേഷം സംസ്ഥാനത്തു നടന്ന എട്ടു ഉപതെരഞ്ഞെടുപ്പുകളില്‍ ആറെണ്ണത്തിലും കോണ്‍ഗ്രസിനായിരുന്നു മേല്‍കൈ.

chandrika: