ജയ്പൂര്‍: രാജസ്ഥാനിലെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് മേല്‍ക്കൈ. രണ്ടിടത്ത് പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോള്‍ ഒരിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇവിടെ ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവുണ്ട്. ഒരിടത്ത് ഇരുകക്ഷികളും തുല്യനിലയിലായി.
ജോധ്പൂര്‍ നോര്‍ത്ത്, കോട്ട നോര്‍ത്ത് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയത്. ജെയ്പൂര്‍ ഹെറിറ്റേജിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ സൗത്ത് കോര്‍പറേഷനുകള്‍ ബിജെപി നേടി. കോട്ട സൗത്തില്‍ ഇരുപാര്‍ട്ടികളും 36 സീറ്റു നേടി തുല്യത പാലിച്ചു. എണ്‍പത് അംഗങ്ങളാണ് കോര്‍പറേഷനില്‍ ഉള്ളത്.
ജയ്പൂര്‍, ജോധ്പൂര്‍, കോട്ട നഗരങ്ങളിലെ മുനിസിപ്പല്‍ സ്ഥാപനങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. ജയ്പൂരില്‍ 26 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വരുന്നത്.
മൊത്തം 560 സീറ്റില്‍ 261 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് ലഭിച്ചത് 242 സീറ്റുകളും. 560 സീറ്റുകളില്‍ 2238 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എല്ലാ സാമൂഹ്യ മത വിഭാഗങ്ങളില്‍പ്പെട്ടവരും തങ്ങള്‍ക്ക് വോട്ടു ചെയ്തു എന്നാണ് ഫലം തെളിയിക്കുന്നത് എന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊതാസ്ര പറഞ്ഞു.
പാര്‍ട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ജയ്പൂര്‍ നഷ്ടപ്പെട്ടത് ബിജെപിക്ക് വന്‍ തിരിച്ചടിയായി. ജെയപൂര്‍ ഹെറിറ്റേജിലെ 100 സീറ്റില്‍ 47 ഇടത്താണ് കോണ്‍ഗ്രസ് ജയിച്ചത്. ബിജെപി 42 ഇടത്തും. 11 സീറ്റില്‍ സ്വതന്ത്രര്‍ ജയിച്ചു. ഇതില്‍ മിക്കവരും കോണ്‍ഗ്രസ് വിമതരാണ് എന്നതാണ് ശ്രദ്ധേയം.
ജയ്പൂര്‍ ഗ്രേറ്ററിലെ 250 സീറ്റില്‍ ബിജെപി 88 സീറ്റാണ് നേടിയത്. കോണ്‍ഗ്രസ് 49 ഇടത്ത് ജയിച്ചു. 11 സീറ്റില്‍ സ്വതന്ത്രരും.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കോട്ടയായ ജോധ്പൂരില്‍ 80ല്‍ 53 സീറ്റും കോണ്‍ഗ്രസ് പിടിച്ചടക്കി. ബിജെപിക്ക് 19 സീറ്റേ കിട്ടിയുള്ളൂ. എന്നാല്‍ ജോധ്പൂര്‍ സൗത്തില്‍ ബിജെപി 43 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് വിജയിക്കാനായത് 29 സീറ്റുകളില്‍.
കോട്ട നോര്‍ത്തില്‍ ആകെയുള്ള 80 സീറ്റില്‍ 47 ഇടത്തും ജയിച്ച് കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി. 14 സീറ്റു മാത്രമാണ് ബിജെപിക്ക് കിട്ടിയത്. കോട്ട സൗത്തിലെ 80 സീറ്റില്‍ 36 സീറ്റു വീതം ജയിച്ച് ഇരുകക്ഷികളും തുല്യത പാലിച്ചു. എട്ടു സീറ്റുകളില്‍ ജയിച്ചത് വിമതരാണ്.